കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി എസ് ഡയസാണ് അപേക്ഷ തള്ളിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. നിരപരാധിയാണെന്നാണ് സിദ്ധിഖ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കാര്യങ്ങളാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി നിരാകരിച്ചത്.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴിനൽകിയിരിക്കുന്നത്. അവിടെ എത്തിയപ്പോൾ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
376 വകുപ്പ് അനുസരിച്ച് ബലാത്സംഗത്തിന് 10 വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ലഭിക്കും.