ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തടസ ഹർജി നൽകാനൊരുങ്ങി അതിജീവിത. തന്റെ ഭാഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.
പരാതി നൽകാനുണ്ടായ കാലതാമസമടക്കമുള്ള കാര്യങ്ങളിൽ തന്റെ ഭാഗം കൂടി കോടതി കേൾക്കണമെന്ന ആവശ്യമുൾപ്പെടെ അതിജീവിത ഉന്നയിച്ചേക്കുമെന്നാണ് വിവരം.
2016-ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ 2024 -ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. മറ്റ് ക്രിമിനൽ പശ്ചാത്തലം സിദ്ദിഖിന് ഇല്ല. തെളിവ് ശേഖരിക്കാൻ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണ്. എന്നീ കാര്യങ്ങൾ ഉന്നയിച്ചാവും സിദ്ദിഖ് സുപ്രീം കോടതിയിൽ ജാമ്യപേക്ഷ നൽകുക.