Sunday, December 22, 2024

HomeNewsഓമനിച്ചു വളര്‍ത്തിയ 125 മുതലകളെ കര്‍ഷകന്‍ കൊന്നൊടുക്കി

ഓമനിച്ചു വളര്‍ത്തിയ 125 മുതലകളെ കര്‍ഷകന്‍ കൊന്നൊടുക്കി

spot_img
spot_img

തായ്‌ലൻഡിൽ താൻ ഓമനിച്ചു വളർത്തിയിരുന്ന മുതലകളെ കൂട്ടത്തോടെ കൊന്നൊടുക്കി കർഷകൻ. യാഗി ചുഴലിക്കാറ്റിൽ അവയെ പാർപ്പിച്ചിരുന്ന കെട്ടിടം തകർന്ന് മുതലകൾ പുറത്തുകടന്ന് ആളുകളെ ആക്രമിക്കുന്നത് തടയാനാണ് കർഷകൻ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. 37 കാരനായ നത്തപാക് ഖുംകാദ് എന്നയാളാണ് മുതലകളെ കൊന്നൊടുക്കിയത്. 13 അടിവരെ നീളമുള്ള ’ ക്രോക്കഡൈൽ എക്സ്’ ഇനത്തിൽപ്പെട്ട 125 ഓളം മുതലകളെയാണ് ഇയാൾ വളർത്തിയിരുന്നത്.

” എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണ് എനിക്ക് എടുക്കേണ്ടി വന്നത്. മതിൽ തകർന്നാൽ, ആളുകളുടെ ജീവന് ഉണ്ടാകുന്ന ആപത്ത് ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലുതായിരിക്കുമെന്ന് ഞാനും എൻ്റെ കുടുംബവും മനസ്സിലാക്കി. അതിനാൽ ജനങ്ങളുടെ ജീവനും പൊതുസുരക്ഷയും കണക്കിലെടുത്താണ് ഇത് ചെയ്യേണ്ടി വന്നത് ” നത്തപാക് CNN-നോട് പറഞ്ഞു. സെപ്റ്റംബർ 22-ന്, കൊടുങ്കാറ്റിനെ തുടർന്ന് ഈ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്.

ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി ചുഴലിക്കാറ്റ് തെക്കൻ ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും ആഞ്ഞടിച്ചിരുന്നു. തായ്‌ലൻഡിൽ മാത്രം ഇതുമൂലം ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം തീവ്രമായ കൊടുങ്കാറ്റുകൾ രൂപപ്പെടുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

“കാലാവസ്ഥാ വ്യതിയാനം മൂലം യാഗി പോലുള്ള കൊടുങ്കാറ്റുകൾ ശക്തമാവുകയാണ്. പ്രാഥമികമായി ചൂടുള്ള സമുദ്രജലം കൊടുങ്കാറ്റുകൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും ഇത് കാറ്റിൻ്റെ വേഗത വർദ്ധിപ്പിക്കുകയും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു ,” സിംഗപ്പൂരിലെ എർത്ത് ഒബ്സർവേറ്ററി ഡയറക്ടർ ബെഞ്ചമിൻ ഹോർട്ടൺ പറഞ്ഞു.

നേരത്തെ ഗുജറാത്തിൽ തുടർച്ചയായി പെയ്ത മഴയും വെള്ളപ്പൊക്കവും മൂലം നഗരത്തിൽ ഡസൻ കണക്കിന് മുതലകളെ കണ്ടെത്തുകയും പിന്നീട് അധികൃതർ അവയുടെ ആവാസകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു.

ഏകദേശം 17 വർഷമായി നത്തപാക്ക് വടക്കൻ തായ്‌ലൻഡിൽ തന്റെ മുതല ഫാം നടത്തിവരികയായിരുന്നു. ഇതിനുമുൻപും ഈ പ്രദേശത്ത് മഴയും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടായിരുന്നിട്ടും അതൊന്നും ഫാമിനെ ബാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇത്തവണ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതോടെ 24 മണിക്കൂറിനുള്ളിൽ തന്നെ ഇത്തരം ഒരു തീരുമാനം എടുക്കേണ്ടി വരുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹം നടത്തിയ ഈ ധീരമായ പ്രവൃത്തിയെ ലാംഫൂണിൻ്റെ ഫിഷറീസ് ഓഫീസ് മേധാവി പോർന്തിപ് നുവാലനോങ് അഭിനന്ദിച്ചു. ഇത്രയും ഭീമമായ മുതലകൾ അടുത്തുള്ള നെൽവയലുകളിലേക്ക് രക്ഷപ്പെട്ടാൽ ഉണ്ടാകാവുന്ന അപകടത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി .

എന്നാൽ വംശനാശഭീഷണി നേരിടുന്ന ഇത്തരം സിയാമീസ് മുതലകളെ തായ്‌ലൻഡിൽ വളർത്തുകയും വിൽക്കുകയും ചെയ്യുന്നത് സാധാരണയാണ്. ഇവിടെ മുതല കൃഷി ഒരു ലാഭകരമായ വ്യവസായം കൂടിയാണ്. പ്രതിവർഷം 6 മുതൽ 7 ബില്യൺ തായ് ബാത്തിന്റെ(1,8000 കോടിയിലധികം രൂപ) കച്ചവടമാണ് നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments