മൈദുഗുരി: നൈജീരിയയിലെ വടക്കന്‍ നൈജര്‍ സ്റ്റേറ്റില്‍ മതപരമായ ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 60 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ഗബാജിബോ കമ്യൂണിറ്റിക്ക് ചുറ്റുമുള്ള നൈജര്‍ നദിയില്‍ ചൊവ്വാഴ്ച രാത്രി 300 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്.
160 ഓളം പേരെ രക്ഷപ്പെടുത്തിയതായി മോക്വ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ ചെയര്‍മാന്‍ ജിബ്രീല്‍ അബ്ദുല്ലാഹി മുരേഗി പറഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയില്‍നിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ട് മുങ്ങിയതി?ന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നൈജീരിയന്‍ ജലപാതകളിലെ ഭൂരിഭാഗം ബോട്ടപകടങ്ങള്‍ക്കും കാരണം തിരക്കും മോശം അറ്റകുറ്റപ്പണികളുമാണ്.