ഇസ്രയേലിനെതിരേ നടത്തിയ ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക്(ഖുത്തുബ) ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി നേതൃത്വം നല്‍കും. പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം പൊതുപ്രഭാഷണവും നടത്തും. അപൂര്‍വമായാണ് ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതും പൊതുപ്രഭാഷണം നടത്തുന്നതും.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഖമേനി ഖുത്തുബയ്ക്ക് നേതൃത്വം നൽകുന്നതെന്നും ശ്രദ്ധേയമാണ്. മധ്യ ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ഖമേനി നേതൃത്വം നല്‍കുമെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസ്സന് നസറല്ലയുടെ അനുസ്മരണ ചടങ്ങിന് ശേഷം പ്രാദേശിക സമയം 10.30നായിരിക്കും പ്രാര്‍ത്ഥനകള്‍ നടക്കുക. സെപ്റ്റംബര്‍ അവസാനം ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാര്‍ഡ്സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോറൗഷനും ജൂലൈയില്‍ ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ചൊവ്വാഴ്ച ഇസ്രയേലിന് നേരെ 200ലധികം മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാനിലെ റെവല്യൂഷനി ഗാര്‍ഡ്സ് അറിയിച്ചു.
2020 ജനുവരി മൂന്നിന് റവന്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ആക്രമണത്തിന് മറുപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാന് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിന് ശേഷം 2020 ജനുവരിയിലാണ് ഖമേനി ഇതിനുമുമ്പ് അവസാനമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.