ചെന്നൈ: പി.വി.അൻവർ പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പേര് ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച മഞ്ചേരിയിൽ നടക്കും. തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സ്റ്റാലിനു കത്തു നൽകിയിട്ടുണ്ട്.
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തിൽ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ചേരിയിലെ പാർട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് ഡിഎംകെയുടെ ഒരു മുതിർന്ന നേതാവിനെ നിരീക്ഷകനായി അയയ്ക്കണമെന്ന് കൂടിക്കാഴ്ചയിൽ അൻവർ ആവശ്യപ്പെട്ടതായാണ് വിവരം. മകൻ റിസ്‌വാനും അൻവറിനൊപ്പം ചെന്നൈയിലുണ്ട്.
തമിഴ്നാട്ടിലെ മുസ്‍ലിം ലീഗ് നേതാക്കളുമായും അൻവർ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ പങ്കെടുത്തതായാണ് വിവരം.