തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന ആസൂത്രിത നീക്കം നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവാദ ചോദ്യങ്ങള്‍ സഭയില്‍ എത്താതിരിക്കാന്‍ ഇടപെട്ടെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം മനപൂര്‍വ്വമാണെന്നും സതീശന്‍ ആരോപിച്ചു.
സ്പീക്കറുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും ദൗര്‍ഭാഗ്യകരമായ നടപടിയാണ് നിയമസഭയിലുണ്ടായതെന്നും വി.ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ജനാധിപത്യപരമായ ആവശ്യമാണ് ഉന്നയിച്ചത്. സ്പീക്കറുടെ ഓഫിസും മുഖ്യമന്ത്രിയുടെ ഓഫിസും ഗൂഢാലോചന നടത്തി രാജ്യ, സംസ്ഥാന താല്‍പര്യങ്ങളെ ബാധിക്കുന്ന 49 ചോദ്യങ്ങള്‍ സഭയില്‍ വരാതിരിക്കുന്നതിനു വേണ്ടി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റി. സ്പീക്കറുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഒരാള്‍ നിയമസഭ സെക്രട്ടേറിയറ്റില്‍ ചെന്നിരുന്നാണ് പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങള്‍ വെട്ടിമാറ്റിയത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശമാണ് ഒരു കാലത്തും ഇല്ലാത്ത നിലയിൽ നിഷേധിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ ബഹളത്തിനിടെ സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെ പരാമര്‍ശിച്ച് അനാദരവോടെ സംസാരിച്ചു. ഒരു സ്പീക്കറും ആ കസേരയില്‍ ഇരുന്നു കൊണ്ട് ഇതുപോലെ സംസാരിച്ചിട്ടില്ല. അതില്‍ ഒരു അനൗചിത്യമുണ്ടെന്നുഗ വി.ഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞത് സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്ത സ്പീക്കര്‍ മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രിയും നടത്തിയ സഭ്യേതരമായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. താനും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ സംവാദത്തില്‍ താന്‍ പറഞ്ഞ ഭാഗങ്ങള്‍ സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്തു. മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയും പറയുന്നതു മാത്രം സംപ്രേഷണം ചെയ്യാനാണെങ്കില്‍ സഭാ ടി.വി എന്തിനാണെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ നടത്തിയ സംവാദം പൂര്‍ണമായും പുറത്തു വിടണം. എത്ര ഏകാധിപത്യപരമായ രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്‍ നരേന്ദ്ര മോദിയാകാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തന്നെ കുറിച്ച് മോശമായി പറഞ്ഞപ്പോള്‍ താന്‍ വിശ്വാസിയായ ആളാണെന്നും എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെന്നും പറഞ്ഞു. പിണറായി വിജയനെ പോലെ അഴിമതിക്കാരനാകരുതെന്നും അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോകരുതെന്നാണ് പ്രാര്‍ത്ഥിക്കാറുള്ളതെന്നും പറഞ്ഞു. ഈ മറുപടി മുഖ്യമന്ത്രി ചോദിച്ചു വാങ്ങിയതാണെന്ന് സതീശന്‍ സഭയ്ക്ക് പുറത്ത് പ്രതികരിച്ചു.
വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള അവസരമാണ് റദ്ദാക്കിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് ഒരു ജനവിഭാഗത്തിനെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരേ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി. മലപ്പുറം എന്ന വാക്ക് ഉപയോഗിച്ച് ഒരു ജനവിഭാഗത്തെ മോശമാക്കുന്നുവെന്നും തുടര്‍ന്നും ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.