തിരുവനന്തപുരം: സഹനത്തിന് ഓസ്കാർ ഉണ്ടായിരുന്നെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുമായിരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ. പിണറായി വിജയനെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാനാകുമെന്ന് പ്രതിപക്ഷം വിചാരിക്കുന്നുവെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എൻ. വാസവൻ പറഞ്ഞത്; മുഖ്യമന്ത്രി ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത തകരയല്ല. കേരളത്തിൽ എല്ലാ സംഘർഷഭരിതമായ സാഹചര്യങ്ങളിലും കേരളത്തിലെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാൻ മതേതര ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ മുന്നോട്ട് വന്ന ധീരനായ പോരാളിയാണ് പിണറായി വിജയൻ എന്ന് പറഞ്ഞാൽ രാഷ്ട്രീയ കേരളം നിഷേധിക്കില്ല. തലശ്ശേരിയിലെ പോരാട്ടത്തിന്റെ രംഗത്ത് പള്ളിക്ക് കാവൽ നിന്ന ഒരേയൊരു നേതാവ് പിണറായി വിജയനാണ്. എന്നാൽ കെ.പി.സി.സി. പ്രസിഡന്‍റ് കാവൽ നിന്നത് ആർ.എസ്.എസിന്റെ ക്യാമ്പിനായിരുന്നു.
യഥാർത്ഥത്തിൽ അങ്ങ് (സതീശൻ) പിണറായി വിജയനാകാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്, ആ രൂപത്തിലേക്ക് ആകണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരാളായി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അത് ആളുകൾ വിശ്വസിക്കും. അങ്ങനെ ഒന്നാകണം എന്നാഗ്രഹം. ഞാൻ പറയുന്നു, നിങ്ങൾ ആയിരം സതീശന്മാർ വന്നാലും അര പിണറായി വിജയൻ ആവില്ല എന്നതാണ് യാഥാർത്ഥ്യം. അദ്ദേഹം കടന്നു വന്ന വഴിത്താരകൾ അതാണ്. എന്തെല്ലാം തരത്തിലുള്ള ആക്രമണങ്ങൾ, മഞ്ഞപ്പത്രങ്ങൾ മുതൽ എത്ര കാലഘട്ടത്തിൽ വേട്ടയാടി. ഒരുപക്ഷെ സഹനശക്തിക്ക് ഒരു ഓസ്കാർ അവാർഡ് പ്രഖ്യാപിച്ചാൽ അത് സഖാവ് പിണറായി വിജയനുള്ളതായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട- വി.എൻ വാസവൻ പറഞ്ഞു.