എ.എസ് ശ്രീകുമാര്‍
വന്ദന ദാസ് എന്ന യുവ ഡോക്ടര്‍ ഇന്ന് നമുക്കൊരു കണ്ണീരോര്‍മയാണ്. ആശുപത്രിയില്‍ രോഗീ പരിചരണത്തിനിടെ ഒരു കൊടും ക്രൂരനാല്‍ കൊല്ലപ്പെട്ട ഡോ. വന്ദനാദാസ് വിടരുംമുമ്പേ കൊഴിഞ്ഞുപോയ സുന്ദര പുഷ്പമാണ്. എന്നാല്‍ ഇപ്പോള്‍ ഡോ. വന്ദന ദാസിന്റെ ആത്മാവ് അളവറ്റ് സന്തോഷിക്കുന്നുണ്ടാവും. കാരണം അതൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥയാണ്.
പ്രിയപ്പെട്ടവള്‍ ആകാലത്തില്‍ പൊലിഞ്ഞതിലൂടെ തങ്ങള്‍ നേരിട്ട ദുരന്തത്തിന് സേവനത്തിലൂടെ മറുമരുന്നു തേടുകയാണ് ഡോ. വന്ദനയുടെ കുടുംബം. തൃക്കുന്നപ്പുഴ വാലെക്കടവില് ഡോ. വന്ദനദാസ് മെമ്മോറിയല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ ഡോ. വന്ദനയ്ക്കുള്ള ട്രിബ്യൂട്ടായി അത്.
”ഒരാള്‍ മരണാനന്തരം നാടിനും നാട്ടുകാര്‍ക്കും കാരുണ്യം ചൊരിയുന്നതെങ്ങനെയെന്ന് ഡോ. വന്ദനാദാസിന്റെ ജീവിതം പഠിപ്പിച്ചു തരുന്നു. അവള് കൊല്ലപ്പെട്ട ദിവസം ജീവിതത്തിലെ മറക്കാനാകാത്ത മുറിപ്പാടാണ്. കുടുംബം ഈ ദുരന്തം എങ്ങനെ അതിജീവിച്ചെന്ന് അറിയില്ല. ദുരന്തത്തെ സേവനത്തിലൂടെ നേരിടുന്ന കുടുംബത്തിന് അതിജീവനത്തിനുള്ള കരുത്തുണ്ടാകട്ടെ…” ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഏറെ വൈകാരികതയോടെ പറഞ്ഞു.
രാവിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശുപത്രിയോടു ചേര്‍ന്നുള്ള പ്രാര്‍ഥനാമുറിയുടെ സമര്‍പ്പണം നിര്‍വഹിച്ചു. തുടര്‍ന്ന് സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും തുടങ്ങി. സാധാരണക്കാര്‍ക്കു ചികിത്സ നല്‍കാനുള്ള ആശുപത്രി ഡോ. വന്ദനാദാസിന്റെ സ്വപ്നമായിരുന്നു. പല്ലനയാറിന്റെ തീരത്താണ് 2,000 ചതുരശ്രയടി വിസ്താരമുള്ള ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. വന്ദനയുടെ മുത്തച്ഛന് ഗോപിനാഥിന്റെ പേരിലെ വീടായിരുന്നു ഇത്.
കടുത്തുരുത്തിയിലെ വീട്ടില്‍ നിന്ന് തൃക്കുന്നപ്പുഴയിലെത്തുമ്പോഴെല്ലാം വന്ദന, കുടുംബസമേതം താമസിച്ചിരുന്നത് ഇവിടെയാണ്. മെഡിക്കല്‍ പഠനം തുടങ്ങിയതു മുതല്‍ ഇവിടെ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കാനുള്ള ആഗ്രഹം വന്ദന പങ്കുവയ്ക്കാറുണ്ടായിരുന്നു. ആ സ്വപ്നമാണ് അച്ഛന് മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന്ന് സഫലമാക്കിയത്.
മിതമായ നിരക്കില്‍ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരില്‍ രക്ഷിതാക്കള്‍ ക്ലിനിക് തുടങ്ങുന്നത്. ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടര്‍മാര്‍ ഒ.പിയില്‍ ഉണ്ടാകും. മാസത്തിലൊരിക്കല്‍ പ്രമുഖ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാന്‍ എത്തുമെന്നു രക്ഷിതാക്കള്‍ പറഞ്ഞു. ലാബ്, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളും ക്ലിനിക്കില്‍ ഉണ്ട്. ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം പൂര്‍ണമായും വന്ദനയുടെ വീട്ടുകാര്‍ തന്നെയാണു നല്‍കുന്നത്.
2023 മേയ് 10-ന് പുലര്‍ച്ചെ നാലരയോടെയാണ് ഏവരെയും ഞെട്ടിച്ച കൊലപാതകമുണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന 42 വയസുള്ളനരാധമനാണ് ഹൗസ് സര്‍ജനായിരുന്ന വന്ദനയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. സ്കൂള്‍ അധ്യാപകനായ ഇയാളെ അര മണിക്കൂറോളം പിന്നിട്ട ശേഷമാണ് പൊലീസ് കീഴടക്കിയത്.
സന്ദീപിന് ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനായ ബിനുവിനും എയ്ഡ്പോസ്റ്റിലെ എ.എസ്.ഐ മണിലാല്‍, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസര്‍ ബേബി മോഹനന്, ഹോം ഗാര്‍ഡ് അലക്സ്, ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്, എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കറ്റിരുന്നു. നിരവധി കുത്തുകളേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വന്ദനയുടെ തലയുടെ പിന്‍ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കയ്യിലും മുതുകിലും കുത്തേറ്റു. അതിക്രൂരമായാണ് അക്രമി ആക്രമിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഡോക്ടറുടെ തലയില്‍ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്. മുതുകില്‍ ആറ് തവണ കുത്തി.
തലയ്ക്ക് പിന്‍ഭാഗത്തും മുതുകിനുമേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പ്രതി സന്ദീപ് ആദ്യം ആക്രമിച്ചത് വന്ദനെയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാര്‍ക്ക് പരുക്കേറ്റതെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ പ്രതി ആദ്യം ആക്രമിച്ചത് കൂടെ ഉണ്ടായിരുന്ന ബന്ധുവനേയും പോലീസിനേയുമാണെന്നാണ് കോടതിയില്‍ ഹജരാക്കിയ രേഖകളില്‍ വ്യക്തമാക്കുന്നത്.
അതേസമയം ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം സമ്മാനിച്ച ചടങ്ങ് വികാര നിര്‍ഭരമായി. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബഹുമതി സമ്മാനിച്ചു. ഡോ. വന്ദനയുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പി കരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. വന്ദന ദാസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടര്‍മാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഇതിനിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഈ മാസം ആദ്യം സുപ്രീംകോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ.വന്ദനയുടെ ജീവന് രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിഭാഗം വാദിച്ചു.
പ്രതി സന്ദീപ് വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്കൂളായ വിലങ്ങറ യു.പി സ്കൂളിലായിരുന്നു ആദ്യം പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇവിടെ തസ്തിക നഷ്ടപ്പെട്ട് സംരക്ഷിത അധ്യാപകനായി കുണ്ടറ ഉപജില്ലയ്ക്കു കീഴിലെ നെടുംപന യു.പി സ്കൂളിലെത്തി. ഹെഡ് ടീച്ചര്‍ വേക്കന്‍സിയിലായിരുന്നു നിയമനം. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപാഠങ്ങള്‍ മാത്രം പറഞ്ഞുകൊടുക്കാന്‍ ബാധ്യസ്ഥനായ ഒരു അധ്യാപകന് കൊടും കുറ്റവാളിയായതെങ്ങനെയെന്ന് പരിശോധിച്ചാല്‍ ഇയാള്‍ കടുത്ത ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്നുവെന്നാണ് ഉത്തരം.