സിയോൾ: ദക്ഷിണ കൊറിയയിലേക്കുള്ള ഉത്തര കൊറിയയുടെ വടക്കൻ മേഖലയിലെ നിർണായക റോഡുകൾ ബോംബിട്ട് തകർത്തതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം തീർത്തും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബോംബിട്ട് തകർക്കൽ എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ചയായിരുന്നു ബോംബിടൽ.
ദക്ഷിണ കൊറിയൻ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വിശദമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജൻസും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തൽ നടത്തുകയാണെന്നാണ് റിപ്പോർട്ട്. ഉന്നത സൈനിക നേതാക്കളുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയിൽ നിന്നുള്ള ചാര ഡ്രോണുകൾ ഉത്തര കൊറിയയിൽ എത്തിയതാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മുൻനിര സേനാ വിന്യാസവും ഉത്തര കൊറിയ അതിർത്തികളിൽ സജ്ജമാക്കിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. എന്നാൽ ദക്ഷിണ കൊറിയ ഡ്രോണുകളെ അയച്ചതായുള്ള വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ 2000ൽ കൊറിയൻ അതിർത്തിയെ ബന്ധിപ്പിച്ച് രണ്ട് റെയിൽ പാതകൾ പുനർ ബന്ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് പ്രവർത്തനം നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ കൊറിയയുമായുള്ള അതിർത്തികൾ സ്ഥിരമായി അടയ്ക്കുന്നതായി ഉത്തര കൊറിയ വ്യക്തമാക്കിയത്. ഈ വർഷം ആദ്യം മുതൽ തന്നെ ഉത്തര കൊറിയ ടാങ്ക് പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും മൈനുകളും അതിർത്തികളിൽ സ്ഥാപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.