Wednesday, October 16, 2024

HomeMain Storyഎ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കലാശിച്ചത് ദിവ്യയുടെ ധാര്‍ഷ്യം

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കലാശിച്ചത് ദിവ്യയുടെ ധാര്‍ഷ്യം

spot_img
spot_img

നേര്‍കാഴ്ച ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമായതിനിടെ, ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കും. ഇതിനിടെ നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കാന്‍ ഒരു ലക്ഷം രൂപ ചോദിച്ചുവെന്നും 98.500 രൂപ നല്‍കിയെന്നും നിടുവാലൂരിലെ ടി.വി പ്രശാന്തന്‍ എന്ന വ്യക്തി പറയുന്നുണ്ട്.

എന്നാല്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ നവീന്‍ ബാബു കൈക്കൂലി വാങ്ങുന്ന ആളല്ലെന്നും യാതൊരു തലത്തിലുള്ള അഴിമതി നടത്തുന്ന വ്യക്തിയല്ലെന്നും നാട്ടുകാരും സുഹൃത്തുക്കളും ഒരേ ശബ്ദത്തില്‍ പറയുന്നു. എന്‍.ഒ.സിക്ക് അപേക്ഷ നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റെതാണെന്നും പരാതിക്കാരന്‍ പ്രശാന്തന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ബിനാമി ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അതേസമയം, നവീന്‍ കൈക്കൂലി ചോദിച്ചു എന്ന് അറിയാമായിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്ക് അക്കാര്യം വിജിലന്‍സിനെ ചട്ടപ്രകാരം അറിയിക്കാമായിരുന്നു. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന വിവരം ലഭിച്ചിട്ടും അത് വിജിലന്‍സിനെ അടക്കം അറിയിക്കാത്തത് ദിവ്യയുടെ കുറ്റകരമായ വീഴ്ച തന്നെയാണ്. നവീന്റെ മരണത്തിന് മറ്റൊരു കാരണവും ഇല്ലെന്നിരിക്കെ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡെപ്യൂട്ടി കളക്ടറും (ജനറല്‍) അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായ നവീന്‍ ബാബുവിനെ കുറിച്ച് യാതൊരു പരാതികളുമില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോവുന്ന നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റൊരാളെയും ക്ഷണിച്ചിരുന്നില്ല. പൊതുപരിപാടി അല്ലാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ, പി.ആര്‍.ഡി ജീവനക്കാര്‍ക്കോ പോലും ക്ഷണം ഉണ്ടായിരുന്നുമില്ല. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നത് ഭരണത്തിന്റെ ധാര്‍ട്യത്തോടെയായിരുന്നു.

ചടങ്ങു നടത്തും മുന്‍പ് ദിവ്യ ഏര്‍പ്പാടാക്കിയിരുന്ന വിഡിയോഗ്രഫര്‍ സ്ഥലത്തെത്തി കാത്ത് നില്‍ക്കുകയായിരുന്നു. ദിവ്യയുടെ 6 മിനിറ്റ് ദൈര്‍ഖ്യം വരുന്ന പ്രസംഗവും ഇറങ്ങിപ്പോക്ക് നാടകവും ഒക്കെ അയാള്‍ പൂര്‍ണമായി ചിത്രീകരിച്ചിരുന്നു. രാത്രി 7 മണിക്ക് മുന്‍പ് ഈ വിഡിയോ മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും അയാള്‍ കൃത്യമായി എത്തിച്ചു. യാത്രയയപ്പില്‍ എ.ഡി.എമ്മിനെ ദിവ്യ മാനസികമായി മുറിപ്പെടുത്തിയ കാര്യം വാര്‍ത്തയാവുന്നത് ഇതോടെയാണ്. എ.ഡി.എമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ ദിവ്യയുടെ തിരക്കഥയാണ് അവിടെ സാഫല്യമടഞ്ഞത്.

ദിവ്യയ്‌ക്കെതിരെ മുന്‍പും ഇത്തരത്തില്‍ കേസുകള്‍ ഉണ്ടായിട്ടുണ്ട്. 2016-ല്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ ദലിത് വിഭാഗത്തില്‍പെട്ട സഹോദരിമാരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇവര്‍ പൊതുശല്യമെന്ന തരത്തില്‍ ദിവ്യ പറഞ്ഞതിനെത്തുടര്‍ന്നാണ് അതിലൊരു പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന പരാതി ആണ് അന്നുണ്ടായത്. പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പെണ്‍കുട്ടികളുടെ അച്ഛന്‍ 2021 ല്‍ സിപിഎമ്മില്‍ ചേര്‍ന്നതോ ഈ കേസ് പിന്നീട് എഴുതിത്തള്ളി.

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ദിവ്യയെ തള്ളിപ്പറഞ്ഞിരിക്കു കയാണ്. യാത്രയയപ്പു യോഗത്തിലെ ദിവ്യയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും, വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സി.പി.എം കുടുംബമാണ് നവീന്റേത്.

നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍ എം ഷംസുദ്ദീന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഏതോ മാനസിക വിഷമത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിമരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്ലാര്‍ക്കായി റവന്യു വകുപ്പില്‍ പ്രവേശിച്ച നവീന്‍, വില്ലേജ് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, റാന്നി തഹസില്‍ദാര്‍, കളക്ട്രേറ്റ് സൂപ്രണ്ട് എന്നീ പദവികളില്‍ കൂടുതല്‍ കാലവും പത്തനംതിട്ട ജില്ലയില്‍ തന്നെയാണ് ജോലി ചെയ്തത്. ഡെപ്യൂട്ടി കളക്ടറായി കാസര്‍ഗോട്ട് പ്രവര്‍ത്തിച്ച ശേഷമാണ് നവീന്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി കണ്ണൂരില്‍ എ.ഡി.എം ആയി ജോയിന്‍ ചെയ്തത്. ഒക്ടോബര്‍ 15-ാം തീയതി ചൊവ്വാഴ്ച അദ്ദേഹം പത്തനംതിട്ട എ.ഡി.എം ആയി ചുമതലയേല്‍ക്കാനിരിക്കെയാണ് ദിവ്യ എന്ന ജനപ്രതിനിധിയുടെ വാക്കിന്റെ കൊടുംവിഷം അദ്ദേഹത്തെ ജീവിതത്തില്‍ നിന്ന് യാത്രയാക്കിയത്.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏഴുമാസം ബാക്കിയുണ്ടായിരിക്കെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമൊപ്പം ജീവിക്കാനുള്ള കൊതിയോടെയാണ് അദ്ദേഹം പത്തനെതിട്ടയിലേയ്ക്ക് മടങ്ങാന്‍ തയ്യാറെടുത്തത്. കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയിലൂടെ കേരള സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ ദിവ്യയുടെ രാജിക്കു വേണ്ടി സമ്മര്‍ദ്ദമേറുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments