Thursday, October 17, 2024

HomeMain Storyവയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ സത്യന്‍ മൊകേരി; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സി.പി.ഐ

വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ സത്യന്‍ മൊകേരി; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സി.പി.ഐ

spot_img
spot_img

തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ശുഭാപ്തി വിശ്വാസത്തോടെയാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും നിയമസഭയിലേക്കു മത്സരിച്ച അനുഭവവും വയനാട് പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച അനുഭവവും ഈ തെരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാവുമെന്ന് സത്യന്‍ മൊകേരി പ്രതികരിച്ചു. എല്‍ഡിഎഫ് പൂര്‍ണമായും സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

”പൂര്‍ണമായും സജ്ജമാണ് എല്‍ഡിഎഫ്. അതുകൊണ്ടാണ് സത്യന്‍ മൊകേരിയെപ്പോലൊരു സ്ഥാനാര്‍ഥിയെ വയനാട്ടില്‍ നിര്‍ത്തുന്നത്. പല ഘടകങ്ങള്‍ അതിനുപിന്നിലുണ്ട്. ഒന്നാമതായി കര്‍ഷക പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നേതാവാണ് സത്യന്‍ മൊകേരി. വയനാട്ടില്‍ മുമ്പും മത്സരിച്ചിട്ടുണ്ട്. കേരളത്തില്‍ കര്‍ഷകരുടെ സമരകാലമാണ് ഇത്. ആ ഘട്ടത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാവുന്ന സത്യന്‍ മൊകേരിയെഎല്‍ഡിഎഫ് വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കുകയാണ്…” ബിനോയ് വിശ്വം പറഞ്ഞു.

സത്യന്‍ മൊകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ് കോഴിക്കോട് മൊകേരി സ്വദേശിയായ സത്യന്‍ മൊകേരി. 1987 മുതല്‍ 1996 വരെ മൂന്ന് തവണ നാദാപുരം മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായിരുന്നു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിനോട് പരാജയപ്പെട്ടെങ്കിലും മണ്ഡല ചരിത്രത്തില്‍ ഒരു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നടത്താന്‍ കഴിഞ്ഞ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അത്തവണ അദ്ദേഹത്തിന് സാധിച്ചിരുന്നു. 20870 വോട്ടുകള്‍ക്കായിരുന്നു അന്ന് സത്യന്‍ മൊകേരി പരാജയപ്പെട്ടത്. എംഐ ഷാനവാസ് 377035 വോട്ടുകള്‍ നേടിയപ്പോള്‍ സത്യന്‍ മൊകേരിക്ക് 356165 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി 80752 വോട്ടും നേടി.

ഇന്നത്തെ നിലമ്പൂര്‍ എം.എല്‍.എ അന്‍വര്‍ അന്ന് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയും 37123 വോട്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു. 2014-ല്‍ കാഴ്ച വെച്ച പ്രകടനം സത്യന്‍ മൊകേരിക്ക് കാഴ്ചവെക്കാന്‍ സാധിച്ചാല്‍ വയനാട്ടില്‍ ഇത്തവണ ഏകപക്ഷീയ വിജയം കോണ്‍ഗ്രസിന് നേടാന്‍ സാധിക്കില്ലെന്നാണ് ഇടത് പ്രവര്‍ത്തകര്‍ കണക്ക് കൂട്ടുന്നത്. അതേസമയം എതിരാളി ആരായാലും പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷത്തിലേറെ വോട്ടിന് വിജയിക്കുമെന്നാണ് കോണ്‍ഗ്രസുകാരുടെ അവകാശവാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments