Tuesday, December 17, 2024

HomeMain Storyപ്രിയങ്കയ്ക്ക് ബലമേകാന്‍ സോണിയയും രാഹുലുമെത്തുന്നു; വയനാട് ശരിക്കും കളറാവും

പ്രിയങ്കയ്ക്ക് ബലമേകാന്‍ സോണിയയും രാഹുലുമെത്തുന്നു; വയനാട് ശരിക്കും കളറാവും

spot_img
spot_img

എ.എസ് ശ്രീകുമാര്‍

വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിന് ശക്തിപകരാന്‍ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയുമെത്തുന്നതോടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കളറാകുമെന്ന് മാത്രമല്ല ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യും. പത്തു വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധിയുടെ കേരളത്തിലേക്കുളള വരവ്. കല്‍പറ്റയില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ മൂവരും പങ്കെടുക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനും പ്രിയങ്കയെ ഇവര്‍ അനുഗമിക്കും.

പത്ത് ദിവസം തുടര്‍ച്ചയായി വയനാട്ടില്‍ പ്രചാരണം നടത്താനാണ് പ്രിയങ്കയുടെ തീരുമാനം. ലോക്സഭാ തിരിഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതിനാലാണ് വയനാട് ഒഴിവാക്കിയത്. പിന്നാലെ തന്നെ പ്രിയങ്ക മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. വരുന്ന 23-ന് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

2019-2024 കാലയളവില്‍ വയനാട് ലോക്സഭാ സീറ്റില്‍ നിന്നുള്ള എം.പിയായിരുന്ന രാഹുല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ ആനി രാജയ്‌ക്കെതിരെ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മണ്ഡലം നിലനിര്‍ത്തിയത്. അതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ പ്രിയങ്ക മണ്ഡലം നിലനിര്‍ത്തുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സത്യന്‍ മൊകേരിയാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസാണ് ബി.ജെ.പിക്കായി മത്സരിക്കുന്നത്. 2024-ല്‍ 1,41,045 വോട്ടുകള്‍ നേടിയ കെ സുരേന്ദ്രനെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഏറ്റവും സുരക്ഷിത മണ്ഡലമായാണ് വയനാട് ലോക്സഭാ മണ്ഡലം അറിയപ്പെടുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. ഇതില്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, ഏറനാട്, വണ്ടൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്.

രാഹുല്‍ ഗാന്ധിയുടെ വരവോടെ 2019-ല്‍ രാജ്യത്തെ ഏറ്റവും സുപ്രധാന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായി വയനാടും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. മണ്ഡല രൂപീകരണത്തിനു ശേഷം 2009, 2014 വര്‍ങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എം.ഐ ഷാനവാസ് വിജയിച്ചതെടെ കോണ്‍ഗ്രസ് കോട്ട എന്ന് വിശേഷണമുള്ള മണ്ഡലമായി വയനാട് മാറി. 2014-ല്‍ 20,870 വോട്ടുകളായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം. 2018-ല്‍ ഷാനവാസ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.

ഷാനവാസ് മരിച്ച ശേഷം 2019-ല്‍ ടി സിദ്ദിഖിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വരവ്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഗാന്ധി കുടുംബവുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധവും 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള നേട്ടവും കണക്കിലെടുത്താണ് രാഹുലിന് പകരക്കാരിയായി പ്രിയങ്കയെ തിരഞ്ഞെടുത്തത്.

ഡല്‍ഹി മോഡേണ്‍ സ്‌കൂളില്‍ നിന്നും കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരിയില്‍ നിന്നും പ്രിയങ്ക സ്‌കൂള്‍ പഠനം നടത്തി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ജീസസ് ആന്‍ഡ് മേരി കോളേജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടി. 2010-ല്‍ സൈക്കോളജിയിലെ പഠനം പൂര്‍ത്തിയാക്കിയ പ്രിയങ്ക പിന്നീട് ബുദ്ധമത പഠനങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലും പൊതുജനങ്ങളുമായി ഇടപെടല്‍ നടത്താറുള്ള പ്രിയങ്ക, മുന്‍കാലങ്ങളില്‍ പൊതുവേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു. 2019 ജനുവരി 23-ന് രാഷ്ട്രീയത്തിലെത്തിയ പ്രിയങ്ക ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായി.

2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രിയങ്ക സോണിയയുടെ കാമ്പയിന്‍ മാനേജറും രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികളുടെ നിരീക്ഷകയും ആയിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ പിന്തുണ പ്രിയങ്കയ്ക്കുണ്ട്. മകന്‍ റായ്ഹാന്‍, മകള്‍ മിറായ. പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന പ്രിയങ്ക എസ്.എന്‍ ഗോയങ്കയാല്‍ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടര്‍ന്നിരുന്നത്.

രൂപീകരണ കാലം മുതല്‍ യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ പ്രിയങ്കയെ നേരിടുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സത്യന്‍ മൊകേരിയാണ്. നാദാപുരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1987, ’91, ’96 വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സത്യന്‍ മൊകേരി 2014-ല്‍ കോണ്‍ഗ്രസിന്റെ എം.ഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു. അന്ന് ഷാനവാസ് ജയിച്ചത് 20,000 വോട്ടുകള്‍ക്കാണ്. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യന്‍ മൊകേരി അന്ന് പിടിച്ചത്.

1953-ല്‍ കണ്ണൂരിലെ മൊകേരിയിലായിരുന്നു സത്യന്റെ ജനനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫിന്റെ മുന്‍ നിരയിലെത്തി. പിന്നീട് സി.പി.ഐയിലും അംഗമായി. 1987 മുതല്‍ തുടര്‍ച്ചയായ മൂന്നുതവണ നാദാപുരത്തുനിന്ന് നിയമസഭയിലെത്തിയ ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത സത്യന്‍ മൊകേരി സംഘടനാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. കിസാന്‍ സഭയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 2015-ല്‍ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ കന്നിയങ്കമാണിത്. ബി.ജെ.പിക്ക് സ്വപ്നം കാണാന്‍ പറ്റാത്ത കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ട് തവണ കൗണ്‍സിലറായ അവര്‍ കോര്‍പ്പറേഷനിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ബി.ജെ.പിയുടെ തേരോട്ടത്തില്‍ കോഴിക്കോട് കാരപ്പറമ്പ് വാര്‍ഡാണ് നവ്യ ഹരിദാസ് പിടിച്ചെടുത്തത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് സീറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

നിലവില്‍ ബി.ജെ.പി മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. 2015-ല്‍ ഹൈദരാബാദിലെ എച്ച്.എസ്.ബി.സിയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് കാരപ്പറമ്പ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നവ്യ മത്സരിക്കാനിറങ്ങിയത്. തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം, കെ.എം.സി.ടി എഞ്ചിനീയറിംങ് കോളേജില്‍ നിന്നാണ് നവ്യ ബി.ടെക് ബിരുദം നേടിയത്. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തന രംഗത്തിറങ്ങിയത്. കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാവിനെ തന്നെയാണ് നവ്യ നേരിടുന്നതിനാല്‍ നവ്യ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്നു. വോട്ടുവര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ അതും നേട്ടമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments