കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. പ്രതിഷേധ പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനകത്തും സ്റ്റേഷന്റെ മതിലിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
‘പി.പി ദിവ്യ വാണ്ടഡ്’ എന്ന എഴുതിയ പോസ്റ്ററില്‍ ‘കുറ്റം: സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തി കൊലചെയ്തു. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക…’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു. പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രവര്‍ത്തകനെ വിട്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ദിവ്യക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യോനോ ചോദ്യം ചെയ്യാനോ പോലീസ് തയാറായിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യേപേക്ഷ വ്യാഴ്ച പരിഗണിക്കാന്‍ കോടതി മാറ്റിവച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയരുകയാണ്. ദിവ്യ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്കോ മാധ്യമങ്ങള്‍ക്കോ നല്‍കാന്‍ അധികൃതര്‍ നല്‍കാത്തതില്‍ ദുരൂഹത. ഇത് മൂലം മരണ സമയം എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തത ഇനിയും ഉണ്ടായിട്ടില്ല. ഒക്‌ടോബര്‍ 15-ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം നടന്നത് എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. ഒരാഴ്ചയായിട്ടും ബന്ധുക്കള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നത് മരണം സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കോടതി വഴി ലഭിക്കുമെന്ന വിവരമാണു ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുള്ളത്.
കഴുത്തില്‍ കയര്‍ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് എത്രത്തോളം ശരിയെന്നതാണ് വ്യക്തമാക്കപ്പെടേണ്ടത്. 15-ന് പുലര്‍ച്ചെ 4.58-ന് ഭാര്യയുടെയും മകളുടെയും മൊബൈല്‍ നമ്പറുകള്‍ സഹപ്രവര്‍ത്തകരായ 2 പേരുടെ വാട്‌സാപ്പിലേക്ക് നവീന്‍ ബാബു അയച്ചുകൊടുത്തിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണു കരുതുന്നത്.
14-ന് വൈകിട്ട് 6 മണിക്ക് റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍ അകലെ മുനീശ്വരന്‍ കോവിലിനരികില്‍ വാഹനത്തില്‍ നിന്നിറങ്ങിയ നവീന്‍ ബാബു സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണ് ഇതുവരെ ഉള്ള വിവരം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീന്‍ ബാബുവിന്റെ ഫോണ്‍ ലൊക്കേഷനും പരിശോധിച്ച ശേഷമാണ് ഈ നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇതുവരെ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കൂട്ടാക്കിയിട്ടില്ല. മുനീശ്വരന്‍ കോവിലിനരികില്‍നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് നവീന്‍ ബാബു എപ്പോള്‍, എങ്ങനെ പോയി എന്നതും ഇതുവരെ വ്യക്തമായിട്ടില്ല.
ആത്മഹത്യക്കുറിപ്പു കിട്ടി എന്നാണ് ആദ്യം പുറത്ത് വന്ന വിവരങ്ങളെങ്കിളിലും ഇക്കാര്യം ഇപ്പോഴും പോലീസ് മൂടി വെച്ചിരിക്കുകയാണ്. എ.ഡി.എമ്മിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതിലുള്ള മരണവുമായി ബന്ധപ്പെട്ടുള്ള സൂചനകളും പുറത്ത് വിടാതെ പോലീസ് മൂടിവെച്ചിരിക്കുകയാണ്.
നവീന്‍ബാബു ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ, അധിക്ഷേപം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ ദിവ്യയ്ക്ക് രണ്ടുദിവസത്തിനകം ഔദ്യോഗിക കസേര നഷ്ടപ്പെട്ടത് ജനവികാരം പൂര്‍ണമായും സര്‍ക്കാരിനെതിരെ തിരിഞ്ഞതിനാല്‍ മാത്രമാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന് ഉത്തരം മുട്ടിപ്പോകുന്ന പ്രചാരണ വിഷയമായി നവീനിന്റെ മരണം ഉയര്‍ന്നുവരുമെന്നതു മുന്‍കൂട്ടിക്കണ്ടാണ് പാര്‍ട്ടി ഉടനടിനടപടിക്ക് തയ്യാറായത്.
പൊലീസ് ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തെങ്കിലും അറസ്റ്റിനു തയ്യാറാകാതെ നടത്തുന്ന കള്ളനും പോലീസും കളിയാണ് തുടര്‍ന്ന് കേരളം കാണുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 108-ാം വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. രണ്ടുദിവസത്തിനകം അഴിമതിയുമായി ബന്ധപ്പെട്ട വലിയ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നു പറഞ്ഞ ദിവ്യയ്ക്ക് സ്വന്തം കസേര നഷ്ടപെട്ട അവസ്ഥയില്‍ മുന്‍കൂര്‍ ജാമ്യം തേടേണ്ട അവസ്ഥയാണ് ഉണ്ടായത്.
യാത്രഅയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ ആരോപണം സ്വാര്‍ത്ഥതാത്പര്യത്തിന്റെ പേരിലാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നത് കേരള ജനതക്ക് മൊത്തം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. റവന്യു മന്ത്രി കെ. രാജന്‍ തന്നെ അത് ഏറ്റുപറഞ്ഞതുമാണ്. കൈക്കൂലിക്കു വേണ്ടി പെട്രോള്‍ പമ്പിന് നിരാക്ഷേപപത്രം നല്‍കുന്നത് മാസങ്ങളോളം താമസിപ്പിച്ചു എന്ന തരത്തിലുള്ള ആരോപണമാണ് ദിവ്യ നടത്തുന്നത്. അതു തെറ്റാണെന്ന് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിട്ടുള്ളതുമാണ്.
വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍ ലഭിച്ചാലേ എ.ഡി.എമ്മിന് അന്തിമ നിരാക്ഷേപപത്രം നല്‍കാന്‍ കഴിയൂ. സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പത്തെ ആറ് പ്രവൃത്തിദിനങ്ങള്‍ കൊണ്ടാണ് നവീന്‍ ഫയല്‍ തീര്‍പ്പാക്കിയത്. മാസങ്ങളോളം ഫയല്‍ വൈകിപ്പിച്ചു എന്നത് നവീന്‍ ബാബുവിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ച് മനഃപ്പൂര്‍വം ദിവ്യ പറഞ്ഞതാണെന്നു വ്യക്തമായിരിക്കുകയാണ്. പെട്രോള്‍ പമ്പിന്റെ ഉടമയായി അവതരിപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ല. അപ്പോള്‍ ഇതിനു പിന്നില്‍ ഒളിച്ചിരുന്ന് പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കു വേണ്ടിത്തന്നെയാണെന്നാണ് ആരോപണം.