പെറു: വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഫാ. ഗുസ്താവോ ഗുട്ടിറസ് മെറീനോ (96) നിര്യാതനായി. പെറുവിലെ ഡൊമിനിക്കൻ സഭാംഗവും തത്വചിന്തകനുമായിരുന്നു ഫാ. ഗുട്ടിറസ്. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെങ്ങും രാഷ്ട്രീയ – സാമൂഹിക ശക്തിയായി തീർന്ന വിമോചന ദൈവശാസ്ത്രം മുന്നോട്ടു വച്ച “A Theology of Liberation: History, Politics and Salvation – എന്ന കൃതി രചിച്ചത് ഗുട്ടിറസാണ്. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ സാമൂഹിക വീക്ഷണത്തിലൂടെയുള്ള വിമോചന ദൈവശാസ്ത്രം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പല മാർക്സിയൻ ദർശനങ്ങളും സ്വീകരിച്ചു. മാർക്സിയൻ ആശയങ്ങളെ സഭ തള്ളിയെങ്കിലും ലാറ്റിനമേരിക്കയിൽ വിമോചന ദൈവശാസ്തം വിശ്വാസികളെ സംബന്ധിച്ച് മികച്ചതായിരുന്നു എന്നാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്. 2018ൽ ഗുട്ടിറസിൻ്റെ 90ാം ജന്മദിനത്തിൽ ഫാ. ഗുട്ടിറസിന് ആശംസകൾ അറിയിച്ചുകൊണ്ട് പോപ് ഫ്രാൻസിസ് കത്ത് അയച്ചിരുന്നു.
1928ൽ പെറുവിൽ ജനിച്ച ഗുട്ടിറസ് 1959ൽ വൈദികനായി. മെഡിസിനും സാഹിത്യവും പഠിച്ചു. ബൽജിയം, പാരിസ് എന്നിവിടങ്ങളിൽ ദൈവശാസത്രത്തിൽ ഉന്നത പഠനം നടത്തി. വിവിധ സർവകലാശാലകളിൽ വിസിറ്റിങ്ങ് പ്രഫസറായിരുന്നു.