നടൻ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) ആദ്യ സമ്മേളനം ഇന്ന് നടക്കും. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് ആദ്യ സമ്മേളനം നടക്കുന്നത്. വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാർട്ടി പതാക ഉയർത്തുന്നത്.
600 മീറ്റർ റാംപിലൂടെ നടന്നാണ് വിജയ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നത്. 5000 പൊലീസുകാരാണു സുരക്ഷയ്ക്കുള്ളത്. വിജയ്ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിംഗ്, ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ, ടോയ്ലറ്റ് സൗകര്യം, ആംബുലൻസ് എന്നിവയ്ക്ക് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിജയ് കൊടിമരത്തിൽ പതാക ഉയർത്തി രാഷ്ട്രീയ പ്രസംഗവും നടത്തും. അംബേദ്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ട് ഔട്ടുകളും സമ്മേളന വേദിക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്. പാർട്ടിയുടെ ആദ്യ സമ്മേളനത്തിന്റെ ആവേശത്തിലാണ് അണികളും. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്നു പാർട്ടി നേരത്തെ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാർട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2026 ലെ തമിഴ്നാട് നിയമ സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടിയുടെ പ്രവർത്തനം എന്നാണ് വിവരം