Tuesday, December 17, 2024

HomeNerkazhcha Specialവയനാട് ഉരുള്‍പൊട്ടല്‍: നെഞ്ചുലച്ച കണ്ണീര്‍ നനവില്‍ ഒരു അനുഭവക്കുറിപ്പ്…

വയനാട് ഉരുള്‍പൊട്ടല്‍: നെഞ്ചുലച്ച കണ്ണീര്‍ നനവില്‍ ഒരു അനുഭവക്കുറിപ്പ്…

spot_img
spot_img

(വയനാടന്‍ മണ്ണില്‍ പ്രകൃതി സംഹാരതാണ്ഡവമാടിയ 2024 ജൂലൈ 30. നമ്മെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിന് ഒരു ദുരന്തത്തിന്റെ ഒഴുകി തീരാത്ത കണ്ണീരിന്റെ നനവുണ്ട്. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലും, ജീവഹാനിയും ആ ദുരന്തമുഖത്ത് നേരില്‍ കാണേണ്ടിവന്ന ഹൃദയഭേദകമായ കാഴ്ചകളും ശാലിനി കെ.എസ് പങ്കുവയ്ക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റാണ് ലേഖിക)

അന്നും (30/07/2024) പതിവുപോലെ പുറം ലോകത്തെ യാതൊരു വാര്‍ത്തകളും അറിയാതെയായിരുന്നു ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഉഷ ചേച്ചിയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായ വിവരം എന്നോട് പറയുന്നത്. ”അയ്യോ കഷ്ടം” എന്ന ഒരൊറ്റ വാക്കില്‍ ഞാന്‍ ആ ദുരന്തത്തിന്റെ വ്യാപ്തി ഒതുക്കിക്കളഞ്ഞു. പിന്നീടായിരുന്നു ദുരന്ത മുഖത്തേയ്ക്ക് ടീം പോകേണ്ടി വരുമോ എന്ന ചിന്ത എന്റെ മനസ്സിലുണ്ടായത്. അധികം വൈകാതെ വകുപ്പ് മേധാവി ഡോ. ഉന്മേഷ് സാറിന്റെ മെസ്സേജ് ഗ്രൂപ്പില്‍ വന്നു, ‘ടീം തയ്യാറാകണം’. എനിക്ക് കൂടുതല്‍ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അമൃതയ്ക്കും ചിത്രയ്ക്കും കുഞ്ഞുമക്കള്‍ ആയതിനാല്‍ അവരെ വിടാന്‍ പറ്റില്ല.

സാറിനോട് സമ്മതം പറഞ്ഞെങ്കിലും എന്റെ ഉള്ളില്‍ ഒരു പേടി ഉണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴയില്‍ ഇത്രയും ദൂരം യാത്ര, വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത ഇതെല്ലാം എന്റെ മനസ്സില്‍ മിന്നി മറഞ്ഞു. ഡ്യൂട്ടിയിലായിരുന്നതിനാല്‍ കൂടുതല്‍ ആലോചിക്കാന്‍ സമയം കിട്ടിയില്ല. വൈകുന്നേരം 5.30 വരെ ഡ്യൂട്ടിയായിരുന്നു. ഇനി വയനാട്ടിലേക്ക് പോകേണ്ടിവരില്ല എന്നുറപ്പിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയി. ഭക്ഷണം ഒക്കെ കഴിച്ച് സമാധാനമായിരിക്കുമ്പോള്‍ ഏകദേശം എട്ടു മണിയോടു കൂടി ഗ്രൂപ്പില്‍ മെസ്സേജ് വന്നു ‘ടീം ഉടനെ പുറപ്പെടണം’.

പെട്ടെന്ന് ഒരു ഭയം എന്റെ മനസ്സിലൂടെ കടന്നുപോയി. അവിടെ കാണാന്‍ പോകുന്ന കാഴ്ചകള്‍ എന്റെ മനസ്സിനെ എങ്ങിനെ സ്വാധീനിക്കും എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഷാല്‍ ചേട്ടനോടു മാത്രം ”എനിക്ക് നല്ല പേടിയുണ്ട്…” എന്ന് പറഞ്ഞു. ഞാന്‍ പോകുന്ന കാര്യം വീട്ടില്‍ ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ന്യൂസുകള്‍ കണ്ട് വിഷമത്തിലിരിക്കുമ്പോള്‍ ഇതും കൂടി അറിഞ്ഞാല്‍ മനഃപ്രയാസം കൂടുകയേ ഉള്ളു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടു പോലും പറയാതെയായിരുന്നു ഞാന്‍ യാത്ര തിരിച്ചത്.

ഉന്മേഷ് സാറിന്റെ ‘സ്റ്റേ സേഫ്’ എന്ന വാചകം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഞങ്ങള്‍ അഞ്ച് പേരായിരുന്നു ടീമില്‍ ഉണ്ടായിരുന്നത്. ഡോക്ടര്‍ മനു, ഡോ. ആസിഫ്, ഡോ. പ്രതീക്ഷ, ശ്രീമതി ബുഷറ എന്നിവരായിരുന്നു ടീം അംഗങ്ങള്‍. ടീം ലീഡര്‍ ഡോ. മനുവിന്റെ നിര്‍ദ്ദേശ പ്രകാരം ഓട്ടോപ്‌സിക്കു വേണ്ടതെല്ലാം ഞങ്ങള്‍ എടുത്തിരുന്നു. സത്യത്തില്‍ ഒരു മിനി മോര്‍ച്ചറിയായിരുന്നു ഞങ്ങള്‍ പോയ വാഹനം. ടേബിള്‍ ഒഴികെ എല്ലാമുണ്ടായിരുന്നു. അന്നത്തെ ഡ്യൂട്ടിയുടെ ക്ഷീണം ഉണ്ടായിട്ടും ഞാന്‍ കാറിലിരുന്നു ഉറങ്ങിയതേയില്ല. രാത്രി യാത്രയുടെ അപകടസാധ്യത എന്റെ ഉറക്കം കെടുത്തി.

ഏകദേശം പുലര്‍ച്ചെ ഒരു മണിയോടു കൂടി ഹോസ്പിറ്റലില്‍ എത്തി. ഒരു ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. നിരനിരയായി ആംബുലന്‍സുകള്‍. വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു തുടങ്ങി. ബാഗുകള്‍ വയ്ക്കാനായി പോയപ്പോള്‍ കണ്ട റൂമുകളിലെല്ലാം മൃതശരീരങ്ങള്‍ ഫ്രീസറില്‍ വച്ചിരിക്കുന്നു. മരണത്തിന്റെ മുഖം ഞങ്ങള്‍ കണ്ടു തുടങ്ങുകയായിരുന്നു. ജീവിതത്തില്‍ ഇനി ഒരിക്കലും ഇങ്ങനെയുള്ള കാഴ്ചകള്‍ കാണാന്‍ ഇടവരുത്തല്ലേ എന്നു ഭഗവാനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ഓട്ടോപ്‌സി ചെയ്യുന്നിടത്തേക്ക് നടന്നു.

ചെളി നിറഞ്ഞ ട്രോളികളില്‍ കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍, ചെളിവെള്ളം നിലം മുഴുവന്‍ കെട്ടിക്കിടക്കുന്നു. നാലു ബക്കറ്റില്‍ വെള്ളം നിറച്ചു വയ്ച്ചിട്ടുണ്ട്. ഇവിടെയാണോ ഓട്ടോപ്‌സി ചെയ്യുന്നത് എന്ന ചോദ്യമായിരുന്നു എന്റെ മനസ്സില്‍. ഞങ്ങള്‍ കൊണ്ടുപോയ മൂന്നു ബോക്‌സുകളില്‍ നിന്നും അത്യാവശ്യത്തിനുള്ളതെല്ലാം എടുത്ത് കേസുകള്‍ ചെയ്യാന്‍ തുടങ്ങി. ധൈര്യപൂര്‍വ്വം ചെയ്തുതീര്‍ക്കാന്‍ കഴിയണേ എന്ന് പ്രാര്‍ത്ഥിച്ച് എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച് ഞാന്‍ നിന്നു.

മുഴുവന്‍ ശരീരഭാഗങ്ങളും ഉള്ള മൃതദേഹങ്ങള്‍ കുറവായിരുന്നു. ചിന്നിച്ചിതറിയ ശരീരഭാഗങ്ങളില്‍ നിന്നും ലഭിച്ച കൈകള്‍, കാലുകള്‍, ശ്വാസകോശം, മാംസ കഷണങ്ങള്‍ ആരുടേതെന്നറിയാതെ ട്രോളികളില്‍ നിരന്നു കിടക്കുന്നു. ചെളിയില്‍ പുരണ്ടിരിക്കുന്ന മോതിരം അണഞ്ഞ ഒരു കൈ മാത്രം രക്ഷപ്പെടുത്തുവാനായി ആര്‍ക്കോ നേരെ നീട്ടിയതു പോലെ തോന്നി. പ്രാണനു വേണ്ടി പിടയുന്ന ആ രംഗം എന്റെ മനസ്സിലൂടെ കടന്നു പോയി. ഉടന്‍ തന്നെ ഞാന്‍ മനു സാറിനോട് ചോദിച്ചു ”സര്‍ ഇവരെല്ലാം മരിച്ചതിനു ശേഷമല്ലേ ഇങ്ങനെ ചിന്നിച്ചിതറിയിട്ടുണ്ടാവൂ…”. സര്‍ തന്ന ”അതെ” എന്നുള്ള മറുപടി എനിക്ക് കുറച്ച് ആശ്വാസം തന്നു. മോതിരമണിഞ്ഞ വിരലുകള്‍, പാദസ്വരമുള്ള കാലുകള്‍ എല്ലാം ‘മരിച്ചത് ഞാനാണ്’ എന്ന് ഉറ്റവരോട് പറയുന്നതു പോലെ തോന്നി.

ഉരുള്‍പൊട്ടലില്‍ നിസ്സഹായരായി നിന്ന നമ്മുടെ സഹജീവികള്‍ മണ്ണു കൊണ്ടുണ്ടാക്കിയതാണോ എന്നു തോന്നും വിധം ശരീരത്തിനു അകവും പുറവും ചെളി നിറഞ്ഞിരുന്നു. ഓട്ടോപ്‌സിക്കായി തുറക്കുന്ന ശരീരത്തില്‍ അവയവങ്ങളേക്കാള്‍ കൂടുതല്‍ മണ്ണും പുല്ലുമാണോ എന്ന് എനിക്ക് തോന്നി. പ്രകൃതി ദുരന്തത്തിന് മുമ്പില്‍ നിസ്സാഹരായ മനുഷ്യര്‍, ഉറ്റവരെ നഷ്ടപ്പെട്ടവര്‍, നിസ്സംഗതയോടെ ഒട്ടോപ്‌സി നോക്കി നില്‍ക്കുന്ന പോലീസുകാര്‍, സേവനസന്നദ്ധരായ വോളണ്ടിയര്‍മാരും സ്റ്റാഫും എല്ലാവരും നമ്മുടെ സേവനത്തിനായി കാത്തു നില്‍ക്കുന്നു എന്ന തിരിച്ചറിവായിരുന്നു ഞങ്ങളുടെ ഊര്‍ജ്ജം. അവിടെയുണ്ടായിരുന്ന എല്ലാ കേസുകളും ചെയ്തു തീര്‍ത്തപ്പോള്‍ സമയം രാവിലെ എട്ടു മണി കഴിഞ്ഞിരുന്നു.

തലേ ദിവസത്തെ ഡ്യൂട്ടി, രാത്രിയിലെ യാത്ര, വീണ്ടും ഡ്യൂട്ടി എന്നിട്ടും ഞങ്ങള്‍ ക്ഷീണിതരല്ലായിരുന്നു. നിറഞ്ഞ സംതൃപ്തിയോടെ ഞങ്ങള്‍ അന്നത്തെ സേവനം അവസാനിപ്പിച്ചു. അന്ന് ഞങ്ങളുടെ മനസ്സിന്റെ നീറുന്ന വേദനയായത് അമ്മയെ തിരിച്ചറിയാന്‍ വന്ന മകന്റെ മുഖമായിരുന്നു. അരയില്‍ താക്കോല്‍കൂട്ടം കെട്ടിയ അമ്മയെ തിരിച്ചറിയാന്‍ വിറയ്ക്കുന്ന ശരീരത്തോടെയാണ് ആ മകനെ മൂന്ന് പോലീസുകാര്‍ പിടിച്ചു ധൈര്യം കൊടുത്തു കൊണ്ടു വന്നത്. മുഖത്ത് പരിക്കുകളുള്ള ആ അമ്മയെ വീണ്ടും വീണ്ടും നോക്കി തിരിച്ചറിയാനുള്ള മനഃശക്തി ആ മകനില്ലായിരുന്നു.

പകല്‍ വിശ്രമിച്ച ശേഷം വീണ്ടും രാത്രി എട്ടു മണിയോടു കൂടി ഓട്ടോപ്‌സിയ്ക്കു കയറുമ്പോള്‍ കേസുകള്‍ കുറവായിരിക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, 35-നോട് അടുത്ത് കേസുകള്‍ ഉണ്ടായിരുന്നു. അവിടുത്തെ അന്തഃരീക്ഷവുമായി തലേന്നു തന്നെ പൊരുത്തപ്പെട്ടതിനാല്‍ ബുദ്ധമുട്ടൊന്നും തോന്നിയില്ല. ശരീരഭാഗങ്ങള്‍ തന്നെയായിരുന്നു കൂടുതലും. ജീര്‍ണിച്ചും, ദുര്‍ഗന്ധം വന്നും പുഴുവരിച്ചും തുടങ്ങിയിരുന്നു എന്നതു മാത്രമായിരുന്നു വ്യത്യാസം. ഒരു വ്യക്തിയുടേതെന്നു കരുതി രണ്ടു പാദങ്ങള്‍ പോലീസ് കൊണ്ടുവന്നിരുന്നു. പക്ഷേ അതില്‍ ഒന്ന് സ്ത്രീയുടേതും ഒന്ന് പുരുഷന്റേതും ആണെന്ന് മനു സാര്‍ കണ്ടെത്തി.

അന്നത്തെ ദിവസം ഞങ്ങള്‍ കണ്ടതില്‍ ഏകദേശം 10 വയസ്സായ ഒരു കുഞ്ഞിന്റേതു മാത്രമായിരുന്നു വലിയ പരിക്കുകളൊന്നുമില്ലാതിരുന്നത്. വ്യക്തമായും മനസ്സിലാകുന്ന ആ മുഖം മനസ്സില്‍ ഇന്നുമൊരു വിങ്ങലായി തെളിഞ്ഞു നില്‍ക്കുന്നു.സംഭവിച്ചതൊന്നും അറിഞ്ഞിട്ടില്ലാത്തത്ര ശാന്തമായിരുന്നു ആ മുഖം. ഒരു പക്ഷേ, ആ മോന്‍ ഉറക്കത്തിലായിരിക്കും മരണത്തിനു കീഴടങ്ങിയത്.

ഞാന്‍ പ്രധാനമായും ഡി.എന്‍.എയ്ക്കു വേണ്ട സാമ്പിളുകള്‍ പായ്ക്ക് ചെയ്ത് പോലീസിനെ ഏല്‍പ്പിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. വോളണ്ടിയേഴ്‌സ് എന്ത് സഹായം ചെയ്യാനും തയ്യാറായി അടുത്തു തന്നെ ഉണ്ടായിരുന്നു. ക്ഷീണം തോന്നുമ്പോള്‍ ചായയുമായി വന്ന ഹോസ്പിറ്റല്‍ സ്റ്റാഫ് ഒരു അനുഗ്രഹമായി തോന്നി. ഡി.എന്‍.എ പരിശോധനയ്ക്കു അയക്കാന്‍ ആവശ്യമുള്ള ഉപ്പ്, കുപ്പി എന്നിവ തീരുന്നതനുസരിച്ച് അവര്‍ എത്തിച്ചു കൊണ്ടേയിരുന്നു. കൈവശം ഉണ്ടായിരുന്ന ഫോമുകളില്‍ അവസാനത്തേതും തീരും വരെ ഞങ്ങള്‍ കേസുകള്‍ ചെയ്തു. രണ്ട് രാത്രികളിലായി ഏകദേശം അറുപതിനടുത്ത് കേസുകള്‍ ചെയ്യാന്‍ ഞങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് പുലര്‍ച്ചെ നാല് മണിയോടു കൂടി താമസസ്ഥലത്തേക്ക് മടങ്ങി.

അന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ മനസ്സിലൂടെ ‘നമ്മെപ്പോലെ ഉറങ്ങാന്‍ കിടന്നവരല്ലേ ഈ അവസ്ഥയില്‍’ എന്ന ചിന്ത വന്നു. അവര്‍ അനുഭവിച്ച ഭയം, വേദന, മരണവെപ്രാളം എല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. നെഞ്ചില്‍ ഒരു നീറ്റലായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. ഒരു നാടു മുഴുവന്‍ അനുഭവിക്കുന്ന ആ നീറ്റലോര്‍ത്ത് ഒന്ന് ഉറക്കെ കരയണമെന്ന് തോന്നി. പക്ഷേ സാധിച്ചില്ല. കണ്ണീരിലൊഴുക്കി തീരാത്തത്ര നോവാണ് ഈ ദുരന്തം. പ്രകൃതി നമ്മളോടു വീണ്ടും പറയുന്നു ”മനുഷ്യാ നീ വെറും നിസ്സാരന്‍…” അറിവിന്റെ നിറകുടം എന്നു കരുതുന്ന നമ്മള്‍ വെറു നിസ്സാരക്കാരും നിസ്സഹായരും തന്നെ എന്നു നമ്മള്‍ക്കുറപ്പിക്കാം.

ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ആയതിനാല്‍ മാത്രമാണ് എനിക്ക് കേരളം കണ്ട ഈ വന്‍ ദുരന്തത്തില്‍ സേവനം ചെയ്യാനുള്ള അവസരം ലഭിച്ചത്. അതിനായി അവസരം നല്‍കിയ എല്ലാ അധികാരികള്‍ക്കും നന്ദി. ഇത്തരത്തില്‍ ഹൃദയഭേദകമായ ദുരന്തമുഖങ്ങള്‍ ഇനി ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ എന്നും, മണ്ണില്‍ നിന്നുയിരാര്‍ന്ന മനുഷ്യന്‍ മണ്ണില്‍ തന്നെ അലിഞ്ഞു തീരുവോളം മണ്ണിനെ സ്‌നേഹിക്കാനുള്ള പ്രജ്ഞ അവര്‍ക്ക് ലഭിക്കട്ടെ എന്നും സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments