വാഷിങ്ടൺ: യു.എസ് പൊതു തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വോട്ടവകാശം രേഖപ്പെടുത്തി. ഡെള്ളവെയറിലെ വിൽമിങ്ടണിൽ വീട്ടിൽനിന്ന് ഏറെ അകലെയല്ലാത്ത ബൂത്തിൽ വോട്ടു ചെയ്യാൻ മറ്റു വോട്ടർമാർക്കൊപ്പം ബൈഡനും ക്യൂവിൽ നിന്നു. പ്രസിഡന്റ് 40 മിനിറ്റോളം കാത്തുനിന്നതായാണ് റിപ്പോർട്ട്.
വരിയിൽ നിൽക്കുമ്പോൾ ബൈഡൻ വോട്ടർമാരുമായി സംസാരിക്കുന്നതും തനിക്ക് മുന്നിലുള്ള വീൽചെയറിലെ വയോധികയെ തള്ളിനീക്കി സഹായിക്കുന്നതും വിഡിയോയിൽ കാണാം.
തന്റെ തിരിച്ചറിയൽ രേഖ തെരഞ്ഞെടുപ്പ് പ്രവർത്തകക്ക് കൈമാറി ശേഷം ഒരു ഫോമിൽ ഒപ്പിടുകയും തുടർന്ന് ‘ ഇപ്പോൾ ജോസഫ് ബൈഡൻ വോട്ടുചെയ്യുന്നു’ എന്ന് ഉദ്യോഗസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. കറുത്ത തുണികൊണ്ട് മറച്ച ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ബൈഡൻ തെരഞ്ഞെടുപ്പ് പ്രവർത്തകരോട് സംസാരിക്കുന്നതും കാണാം.
വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോയെന്ന് പോളിങ് സ്ഥലത്തിന് പുറത്ത് ഒരാൾ ചോദിച്ചപ്പോൾ ‘നമ്മൾ വിജയിക്കുമെന്നാ’യിരുന്നു ബൈഡന്റെ മറുപടി.
ആരോഗ്യത്തെക്കുറിച്ചുള്ള വർധിച്ച ആശങ്കകളും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ഡെമോക്രാറ്റുകളുടെ ആശങ്കയും കാരണം വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട എന്ന് കഴിഞ്ഞ ജൂലൈയിൽ ബൈഡൻ തീരുമാനിച്ചിരുന്നു.