ജീമോൻ റാന്നി
പിയർലാൻഡ്: ചിക്കാഗോ സീറോ മലബാർ കാത്തലിക് രൂപതയുടെ കീഴിലുള്ള എട്ട് ഇടവകകളും ഒരു മിഷനും ചേരുന്ന ടെക്സാസ് ഒക്കലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഫെസ്റ്റ് ഹൂസ്റ്റണിലെ പിയർലണ്ട് സെയ്ന്റ് മേരീസ് സീറോ മലബാർ കാത്തലിക് ഇടവകയാണ് ഈ പ്രാവശ്യം ഏറ്റെടുത്ത് നടത്തുന്നത്.
സ്റ്റാഫോർഡിലെ ഇമ്മാനുവേൽ ഹാളിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. അഞ്ഞൂറിലധികം മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളുമടക്കം രണ്ടായിരത്തിലധികംപേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫെസ്റ്റിന്റെ കിക്കോഫ് കഴിഞ്ഞ ഞാറായ്ച്ച കുർബ്ബാനയ്ക്ക് ശേഷം പിയർലണ്ട് സെയ്ന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ നടന്നു. വികാരിയച്ചൻ റെവ. ഫാ. വർഗ്ഗീസ് ജോർജ് കുന്നത്തിന്റെ (ഡായി അച്ചൻ) അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഫെസ്റ്റിന്റെ ടൈറ്റിൽ സ്പോൺസറൂം മലയാള സിനിമാ നിർമ്മിതാവുമായ ശ്രീ സിജോ വടക്കൻ സ്പോൺസർ തുക വികാരിയച്ചന് കൈമാറി.
ചിക്കാഗോ രൂപതയുടെ കീഴിൽ നടക്കുന്ന ഇതുപോലുള്ള ഫെസ്റ്റുകൾ കുട്ടികൾക്ക് അവരുടെ കഴിവുകൾ വളർത്താനും മറ്റുള്ള ഇടവകകളിലെ അംഗങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുമുള്ള നല്ലൊരവസരമാകുമെന്നും, അതിന് ട്രിനിറ്റി ഗ്രൂപ്പിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും ശ്രീ സിജോ വടക്കൻ പറഞ്ഞു. മെയിൻ കോഓർഡിനേറ്റർ ഫ്ലെമിംഗ് ജോർജ് നന്ദി പ്രകാശിപ്പിച്ചു.
ഈ ഫെസ്റ്റിന് വേണ്ടി ചിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് രക്ഷാധികാരിയും വികാരിയച്ചൻ റെവ. ഫാ. വർഗ്ഗീസ് ജോർജ് കുന്നത്ത് ഇവന്റ് ഡയറക്ടറായും പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. മെയിൻ കോഓർഡിനേറ്റർ ഫ്ലെമിംഗ് ജോർജ്, കൈക്കാരൻമാരായ ബെന്നിച്ചൻ ജോസഫ്, സിബി ചാക്കോ, ഷാജു നേരെപറമ്പിൽ, റെജി സെബാസ്റ്റ്യൻ , കൂടാതെ ജോഷി വർഗീസ്, അഭിലാഷ് ഫ്രാൻസിസ്, ആനി അബ്രഹാം, ജയ്സി സൈമൺ, അലീന ജോജോ എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.
ടൈറ്റിൽ സ്പോൺസറായ ട്രിനിറ്റി ഗ്രൂപ്പ് ടെക്സാസിലെ ഓസ്റ്റിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു മൾട്ടി ഇൻഡസ്ട്രി ഗ്രൂപ്പ് ആണ്. റിയൽ എസ്റ്റേറ്റ്, ഡെവലപ്മെന്റ്, കൺസ്ട്രക്ഷൻ, മാനേജ്മെന്റ്, ട്രാവൽ, ട്രേഡിങ്ങ്, മീഡിയ എന്നീ മേഖലകളിൽ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് വളരെ വേഗം വളരുന്ന ഈ ഗ്രൂപ്പിനെ നയിക്കുന്നത് ശ്രീ സിജോ വടക്കനാണ്.