മൂന്നാം ലോകമഹായുദ്ധം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ സംഭവിക്കുമെന്ന ഭീതിയിലാണ് ലോക ജനങ്ങള്‍ കഴിയുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ ഉണ്ടായി. അതിന്റെ ഭവിഷ്യത്തുകള്‍ ലോക ജനത അനുഭവിച്ചു. ഇനി ഒരു ലോക മഹായുദ്ധം ഉണ്ടാകുന്നത് ലോക ജനതയ്ക്ക് നല്ലതല്ല. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കോവിഡ് നിമിത്തം ലക്ഷക്കണക്കിനാളുകള്‍ മരണമടഞ്ഞു. ഇനി ഒരു ലോക മഹായുദ്ധം ഉണ്ടായാല്‍ അത് വലിയ വിപത്ത് ഉണ്ടാക്കും.
റഷ്യ- യുക്രെയിന്, ഉത്തര- ദക്ഷണി കൊറിയകള്‍, ഇസ്രയേല്‍ – പാലസ്തീന് സാഹചര്യങ്ങള്‍ ലോകത്തെ ഏതു നേരവും ആണവ യുദ്ധത്തിലേക്ക് തള്ളി വിടാന്‍ പര്യാപ്തമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7, 2023-ല്‍ ആരംഭിച്ച ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം അവസാനിക്കാതെ വളരെ വിപുലമാകുകയാണ് ചെയ്യുന്നത്. ഇസ്രയേല്‍ – ഹമാസ് ആക്രമണം ലെബനനിലുള്ള ഹിസ്ബുല്ലയിലേക്കും തുടര്‍ന്ന് ഇറാനുമായിട്ടുള്ള സംഘര്‍ഷത്തിലേക്കും പ്രവേശിച്ചിരിക്കുകയാണ്.
ഹമാസ് ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ 1200-ല്‍പ്പരം ആളുകളെ കൊല്ലുകയും 250-ല്‍പ്പരം ആളുകളെ ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്തു. ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചുകളഞ്ഞു. വളരെയധികം സൂക്ഷ്മ നിരീക്ഷണശേഷിയുണ്ടായിരുന്ന ഇസ്രായേലില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നുള്ളത് അത്ഭുതവിഷയമായിട്ടിരിക്കുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇസ്രയേല്‍ -ഹമാസ് ആക്രണം അവസാനിപ്പിക്കുകയോ ബന്ദികളെ മോചിപ്പിക്കുവാനോ സാധിച്ചിട്ടില്ല, ഇതിനകം ചില ബന്ധികള്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. ഹമാസിനെ പരോക്ഷമായി സഹായിക്കുന്നത് ഇറാനാണ്. അതുപോലെ ലെബനനിലുള്ള ഹിസ്ബില്ലയേയും ഇറാന് സഹായിക്കുന്നു.
ലെബനന് ഒരു ക്രിസ്തീയ രാജ്യമായിരുന്നു. എന്നാല്‍ മുസ്ലീം കുടിയേറ്റം നിമിത്തം അത് മുസ്ലീം രാജ്യമായിത്തീര്‍ന്നു. പഴയ കാലത്തെ പല ക്രിസ്ത്യന്‍ രാജ്യങ്ങളും പില്ക്കാലത്ത് മുസ്ലീം രാജ്യങ്ങളായിത്തീര്‍ന്നു. അതിന് ഉദാഹരണങ്ങളാണ് സിറിയയും തുര്‍ക്കിയും. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ ഏഴു ക്രിസ്തീയ സഭകകള് തുര്‍ക്കിയിലായിരുന്നു. ആ സഭകളെക്കുറിച്ച് വേദപുസ്തകത്തിലെ വെളിപാട് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഷിയാ മിലിറ്റന്റുകളാണ് ഹിസ്ബുല്ല. അവരുടെ താവളം ലെബനനാണ്. പല രാജ്യങ്ങളും അമേരിക്കയും ഹിസ്ബുല്ലയെ തീവ്രവാദസംഘടനയായിട്ടാണ് പരിഗണിക്കുന്നത്. 1975-ല്‍ ലബനനില്‍ നടത്തിയ സിവില്‍ യുദ്ധത്തില്‍ കൂടെയാണ് ഹിസ്ബുല്ല രൂപീകൃതമായത്.
ഇറാന് – ഇസ്രയേല്‍ പ്രോക്സ്കോണ് ഫ്ളിക്റ്റെന്നൊക്കെ മുമ്പ് പറഞ്ഞിരുന്ന നിഴല്‍ യുദ്ധം ഇപ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടമായി വളര്‍ന്നിരിക്കുന്നു. ഇരു രാജ്യങ്ങളും ആണവ ശക്തിയായി മാറിയിരിക്കുന്നതിനാല്‍ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകുന്ന ഒരു യുദ്ധമായി വളരുമെന്ന ഭീതിയിലാണ് ലോകം. ഇസ്രയേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇറാനുമായുള്ള സംഘര്‍ഷസാധ്യത കണക്കിലെടുക്കപ്പെട്ടിരുന്നു.
ഇറാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയഹ് കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നില വളരെ വഷളാക്കി. ഡമാസ്കസിലെ ഇറാനിയന്‍ എംബസിക്ക് നേര്‍ക്കുള്ള ഇസ്രായേല്‍ ആക്രമണം, അതിന് തിരിച്ചടിയായി ഇറാന്റെ ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങള്‍, ഇറാനിലെ ഇസ്ഫഹാന് എയര്‍ബേസിലെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയ ഒറ്റപ്പെട്ട ആക്രമണം നടന്നെങ്കിലും അവയൊന്നും സൈനിക ഭാഷയില്‍ പറഞ്ഞാല്‍ എക്സലേറ്റ് ചെയ്തില്ല, അഥവാ രൂക്ഷമായില്ല. പക്ഷെ ഹിസ്ബുല്ല നേതാവിനെ വധിച്ചതോടെ ഇറാനും ഇസ്രയേലും തമ്മിലുള്ള നേരിട്ടുള്ള ആക്രമണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇറാനിലെ മൂന്ന് പ്രവിശ്യകളിലെ സൈനീക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ തിരിച്ചടിച്ചു. ആക്രമണം വര്‍ദ്ധിച്ചാല്‍ വലിയ യുദ്ധം ഉണ്ടാകുമെന്ന ഭീതിയിലാണ് ലോക ജനത.
ഇസ്രയേല്‍ രാഷ്ട്രം രൂപീകൃതമായ 1948 മുതല്‍ ഈജിപ്തിന്റെ നേതൃത്വത്തിലുള്ള മുസ്ലീം രാജ്യങ്ങള്‍ ചേര്‍ന്നായിരുന്നു ഇസ്രയേലിനെ ആക്രമിച്ചത്. എന്നാല്‍ അവര്‍ പല പ്രാവശ്യം പരാജയപ്പെട്ടതോടെ നേരിട്ടുള്ള ആക്രമണങ്ങളില്‍ നിന്ന് അവര്‍ പിന്മാറി. ഇപ്പോള്‍ ്ഇറാന് ഹമാസ് ഹിസ്ബുല്ല വഴി പരോക്ഷമായി ഇസ്രയേലുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ നിഴല്‍ യുദ്ധത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. ഇറാന് ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ അത് ലോക ജനതയെ ബാധിക്കാന്‍ ഇടയുണ്ട്. മഹാവ്യാധിയും യുദ്ധവും ലോകത്തിന്റെ ഒരു ഭാഗത്ത് സംഭവിച്ചാല്‍ അത് മറ്റ് രാജ്യങ്ങളില്‍ ഉള്ളവരേയും ബാധിക്കുന്നതായി നമുക്ക് മനസിലായിട്ടുണ്ട്. ഉദാഹരണത്തിന് ചൈനയിലെ വുഹാനില്‍ ആരംഭിച്ച കോവിഡ് -19 വളരെ വേഗത്തിലാണ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചത്.
രണ്ട് ലോക മഹായുദ്ധങ്ങള്‍ നിമിത്തം ലോക ജനത വളരെ കഷ്ടത്തിലും ദുരിതത്തിലുമായി. അനേകായിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനാല്‍ മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കുന്നതാണ് മാനവരാശിക്ക് നല്ലത്.