തിളപ്പിക്കാതെ പാൽ കുടിക്കുന്നത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു കാര്യമാണ്. ചിലർ ഇങ്ങനെ കുടിക്കുന്നത് പാലിലെ പോഷകങ്ങൾ പൂർണമായി ലഭിക്കാന്‍ സഹായിക്കുമെന്ന് പറയാറുണ്ട്. എന്നാൽ, ഇത്തരത്തിൽ തിളപ്പിക്കാത്ത പാൽ കുടിക്കരുതെന്ന് നിർദേശിക്കുകയാണ് സാമൂഹികമാധ്യമത്തില്‍ ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന കരൾ രോഗ വിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്പ്. തിളപ്പിക്കാത്ത പാൽ ഒരിക്കലും കുടിക്കരുതെന്നും കുഞ്ഞുങ്ങൾക്ക് നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിളപ്പിക്കാത്ത പാല് കുടിക്കുകയോ കുട്ടികള്‍ക്ക് നല്‍കുകയോ ചെയ്യരുത്. ജീവന് ഭീഷണിയായ ബാക്ടീരിയകളായ ഇ.കോളി, സാല്‍മൊണല്ല, ലിസ്റ്റീരിയ തുടങ്ങിയവ തിളിപ്പിക്കാത്ത പാലിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിളപ്പിച്ച ചെയ്ത പാല് കുടിക്കണമെന്ന് പറയുന്നതില്‍ ഒരു കാരണമുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
‘‘ദയവ് ചെയത് നിങ്ങളുടെ കുട്ടികള്‍ക്ക് തിളപ്പിക്കാത്ത പാല് കുടിക്കാന്‍ നല്‍കരുത്. നിങ്ങളും കുടിക്കരുത്. നമ്മുടെ പൂര്‍വികര്‍ ചെയ്തതുപോലെ സ്വാഭാവികമായ രീതിയായാണ് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇക്കാര്യം തോന്നുക. എന്നാല്‍ നമ്മുടെ പൂര്‍വികരുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ആയുസ്സ് എന്ന് പറയുന്നത് 25 മുതല്‍ 30 വയസ്സുവരെയാണെന്ന് ഓര്‍ക്കണം. മൈക്രോബാക്ടീരിയം ട്യൂബര്‍കുലോസിസ്, സാല്‍മൊണെല്ല, ഇ.കോളി, കാംപിലോബാക്റ്റര്‍, സ്റ്റാഫൈലോകോക്കസ് ഓറിയസ്, യെര്‍സീനിയ, ബ്രൂസെല്ല, കോക്സിയെല്ല, ലിസ്റ്റീരിയ തുടങ്ങിയ അപകടകരമായ ബാക്ടീരിയകള്‍ തിളപ്പിക്കാത്ത പാലില്‍ ഉണ്ടാകാനിടയുണ്ട്. പക്ഷിപ്പനി ബാധിച്ച പശുക്കളുടെ പാലില്‍ എച്ച്5എന്‍1 ഇന്‍ഫ്ളുവന്‍സ വൈറസ് കണ്ടെത്തിയിട്ടുണ്ട്,’’ അദ്ദേഹം പറഞ്ഞു. ‘‘ഇത് സാധാരണ കാണുന്നതുപോലെയുള്ള അണുബാധയല്ല. അവയില്‍ ചിലതിന് നിങ്ങളുടെ ജീവിതം നശിപ്പിക്കാന്‍ കഴിയും. ലിസ്റ്റീരിയ തലച്ചോറിനെയാണ് ബാധിക്കുക. ഒന്നിലേറെത്തവണ ജ്വരം പിടിപെടാനും കാരണമാകും. ഒരു പക്ഷേ മരണത്തിലേക്ക് വരെ ഇത് നയിച്ചേക്കാം. ഗുരുതരമായ സാല്‍മോണല്ല അണുബാധ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും മരണകാരണമാകുകയും ചെയ്യും,’’ അദ്ദേഹം പറഞ്ഞു.
എന്നാല്‍, സമ്മിശ്രരീതിയിലാണ് സോഷ്യല്‍ മീഡിയ ലിവര്‍ ഡോക്ടറിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. എല്ലാ ദിവസവും തിളപ്പിക്കാത്ത പാല് താന്‍ കുടിക്കാറുണ്ടെന്നും അത് തന്റെ ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതായും ഒരു ഉപയോക്താവ് പറഞ്ഞു. താന്‍ ജീവിതകാലം മുഴുവന്‍ തിളപ്പിക്കാത്ത പാല് ആണ് കുടിച്ചതെന്നും ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മറ്റൊരാള്‍ പറഞ്ഞു. ‘‘എന്റെ അച്ഛന് തിളപ്പിക്കാത്ത പാല് ആണ് കുടിക്കുന്നത്. അദ്ദേഹത്തിന് ഇപ്പോള്‍ 80 വയസ്സായി,’’ മറ്റൊരാള്‍ പറഞ്ഞു.
ചിലരാകട്ടെ പാസ്ചുറൈസ് ചെയ്ത പാല് വീണ്ടും തിളപ്പിച്ച് ഉപയോഗിക്കേണ്ടതുണ്ടോയെന്ന് സംശയം ചോദിച്ചു. പ്രായപൂര്‍ത്തിയായതിന് ശേഷം പാല് കുടിക്കേണ്ടതുണ്ടോയെന്ന് ചിലര്‍ ചോദിച്ചു. തിളപ്പിക്കാത്ത പാല് കുടിക്കുന്നതിലെ സമൂഹത്തിലെ ഭിന്നാഭിപ്രായങ്ങളിലേക്കാണ് ലിവര്‍ ഡോക്ടറുടെ പോസ്റ്റ് വിരല്‍ ചൂണ്ടുന്നത്. ബാക്ടീരിയ സാധ്യതയുള്ളതിനാല്‍ എഫ്ഡിഎ(Food And Drug Administration) പോലെയുള്ള സ്ഥാപനങ്ങൾ തിളപ്പിക്കാത്ത പാൽ കുടിക്കുന്നതിനെതിരേ മുന്നറിയിപ്പ് നൽകുന്നുണ്ട്.