ലോകത്തെ ഏറ്റവും അപകടകരമായ പകര്‍ച്ചാവ്യാധികളിലൊന്നായ ക്ഷയരോഗം ബാധിക്കുന്നവരില്‍ നാലില്‍ ഒന്നും ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. അഞ്ച് രാജ്യങ്ങളിലാണ് ലോകത്തെമ്പാടുമുള്ള 56 ശതമാനം ക്ഷയരോഗബാധിതരുമുള്ളത്. ഇന്ത്യ – 26 ശതമാനം, ഇന്തോനേഷ്യ – 10 ശതമാനം, ചൈന – 6.8 ശതമാനം, ഫിലിപ്പീന്‍സ് – 6.8 ശതമാനം, പാകിസ്താന് – 6.3 ശതമാനം. ഏറ്റവും കൂടുതല്‍ മള്‍ട്ടി-ഡ്രഗ്-റെസിസ്റ്റന്റ് ടി.ബി കേസുകളും ഇന്ത്യയിലാണ്. ലോകാരോഗ്യസംഘടനയുടെ 2023ലെ ടി.ബി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2023-ലെ ആഗോള എന്‍.ഡി.ആര്/ആര്.ആര്.ആര്-ടി.ബി കേസുകളില്‍ ഏകദേശം 27 ശതമാനവും ഇന്ത്യയിലാണ്. റഷ്യ – 7.4 ശതമാനം, ഇന്തോനേഷ്യ – 7.4 ശതമാനം, ചൈന – 7.3 ശതമാനം, ഫിലിപ്പീന്‍സ് – 7.2 ശതമാനം എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍.
2023-ല്‍ ഏകദേശം 82 ലക്ഷം ആളുകള്‍ക്ക് പുതുതായി ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 1995-ല്‍ ലോകാരോഗ്യ സംഘടനയുടെ ആഗോള ടി.ബി നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റിപ്പോര്‍ട്ട് പ്രകാരം ക്ഷയരോഗം സ്ഥിരീകരിച്ചതില്‍ 55 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്.
ഗ്ലോബല്‍ ട്യൂബര്‍കുലോസിസ് റിപ്പോര്‍ട്ടുപ്രകാരം ഏകദേശം 12.5 ലക്ഷം പേരാണ് ക്ഷയരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം മാത്രം മരണപ്പെട്ടത്. കോവിഡ് -19നു ശേഷം ലോകത്തിലെ ഏറ്റവും വലിയ ‘കൊലയാളി’യായ പകര്‍ച്ചവ്യാധിയായി ക്ഷയരോഗം തിരിച്ചെത്തിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷയരോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 2022-ല്‍ 1.32 ദശലക്ഷത്തില്‍ നിന്ന് 2023-ല്‍ 1.25 ദശലക്ഷമായി കുറഞ്ഞെങ്കിലും, ക്ഷയരോഗം ബാധിച്ചവരുടെ എണ്ണം 10.8 ദശലക്ഷമായി ഉയര്‍ന്നു.