ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസർഗോഡ് സ്വദേശിയുടെ ‘ഡിസാബോ ആപ്പ്’ പ്രവർത്തനരഹിതമായതോടെ യുഎഇയിലെ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് തുക നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കാസർഗോഡ് സ്വദേശിയായ അബ്ദുൾ അഫ്താബ് പള്ളിക്കൽ സിഇഒ ആയിട്ടുള്ള ആപ്പിൽ നിക്ഷേപിച്ചവർക്കാണ് ആപ്പ് അപ്രത്യക്ഷമായതോടെ കോടിക്കണക്കിന്റെ തുക നഷ്ടം സംഭവിച്ചത്. ആറു മാസത്തിനുള്ളിൽ 80 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തതോടെ ഡിസാബോ ആപ്പ് നിക്ഷേപകരെ വലിയ രീതിയിൽ ആകർഷിച്ചു.
പഴം പച്ചക്കറികള്‍ മുതല്‍ മെയിന്റനന്‍സ് ജോലികള്‍ വരെയുള്ള 22 ഉത്പ്പന്നങ്ങളും സേവനങ്ങളും ഇ-കൊമേഴ്സ് വഴി എവിടെയും എത്തിച്ചു നല്‍കിയിരുന്ന ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. 2021 സെപ്റ്റംബറിൽ ആരംഭിച്ച ഡിസാബോ ഈ മേഖലയിലെ ആദ്യത്തെ സൂപ്പർ ആപ്പ് ആയി സ്വയം ബ്രാൻഡ് ചെയ്തു. ‘ആകാശത്തോളമാണ് പരിധി’ എന്നതായിരുന്നു കമ്പനിയുടെ മുദ്രാവാക്യം. 22 വിഭാഗം ഉൽപ്പന്നങ്ങൾ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചു നൽകുന്നതിനായി ആയിരക്കണക്കിന് വെണ്ടർമാരെ ബന്ധിപ്പിച്ച് ഇ-കൊമേഴ്സ് സേവനം നല്കിയ സ്ഥാപനമായിരുന്നു ഡിസാബോ.
43,000 ദിർഹത്തിൻ്റെ പ്രാരംഭ നിക്ഷേപം നടത്തി അവർക്ക് അഞ്ച് ഡെലിവറി ബൈക്കുകൾ പാട്ടത്തിന് നൽകുന്നതായിരുന്നു രീതി. 10,000 ദിർഹം വീതമുള്ള ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കമ്പനി നൽകും. അതായത് ആറു മാസത്തിനുള്ളിൽ 43,000 ദിർഹം 60,000 ലഭിക്കും. വലിയ നിക്ഷേപകർക്ക് നാല് ഡെലിവറി വാനുകൾക്കായി 200,000 ദിർഹം നിക്ഷേപിക്കാം. സമാനമായി ലാഭവും വർദ്ധിക്കും.തുടക്കത്തില്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്കാൻ സാധിച്ചിരുന്നുവെങ്കിലും ക്രമേണ അത് മുടങ്ങുകയും പിന്നീട് കമ്പനിയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ലഭിക്കാത്ത സ്ഥിതിയും ഉണ്ടായി. പിന്നാലെ സ്ഥാപകൻ അബ്ദുൾ അഫ്താബ് നിക്ഷേപകരുടെ ഫോൺ കോളുകളോട് പ്രതികരിക്കുന്നതും നിർത്തി.
അസംതൃപ്തരായ നിക്ഷേപകർ ഒത്തുചേർന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മീറ്റിംഗുകൾ നടത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.സ്ഥാപകനായ അബ്ദുൾ അഫ്താബ് പള്ളിക്കൽ നിക്ഷേപകർക്ക് കുടിശ്ശിക വരുത്തിയതിന് ജയിൽവാസത്തിന് ശേഷം ദുബായ് കോടതികളിൽ നിരവധി കേസുകൾ നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നിക്ഷേപകരുടെ പണം തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചതായും സൂചന. ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് ദുബായ് ദെയ്റയിലെ ഓഫീസ് മുദ്രവച്ചിരിക്കുകയാണ് ദുബായ് പോലിസ്. കമ്പനിയുടെ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഓഫീസ് അടച്ചുപൂട്ടി.
അതേസമയം കുത്തക ഇകൊമേഴ്സ് കമ്പനികളുമായി മത്സരിച്ച് പിടിച്ചു നില്ക്കാന് സാധിക്കാതിരുന്നതും അപ്രതീക്ഷിതമായ വെല്ലുവിളികളും നേരിട്ടതാണ് തകര്‍ച്ചയുടെ കാരണമെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് ഡിസാബോ സിഇഒ അഫ്താബിന്റെ പ്രതികരണം. ഈ തകര്‍ച്ച താല്‍ക്കാലികമാണെന്നും താന്‍ തിരികെ വരുമെന്നും അദ്ദേഹം പറയുന്നു. കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച യുഎഇയിലെ 897 റെസ്റ്റോറന്റുകളില്‍ നിന്ന് 1.8 ലക്ഷം കോടി കിട്ടാനുണ്ടെന്നും അത് ലഭിക്കുന്നതോടെ തന്റെ ഇപ്പോഴത്തെ മോശം സാഹചര്യം മറികടക്കാൻ സാധിക്കുമെന്നും. എന്നാല്‍ 1.8 ലക്ഷം കോടി കിട്ടാനുണ്ടെന്ന അഫ്താബിന്റെ വാദം പല റെസ്റ്റോറന്റുകളും നിഷേധിച്ചതുമായും റിപ്പോര്‍ട്ടുകളുണ്ട്.