–
ടെൽഅവീവ്: പാലസ്തീൻ തടവിലാക്കിയ ഇസ്രയേൽ പൗരൻമാരെ സൈനിക നീക്കത്തിലൂടെ മോചിപ്പിക്കൽ സാധ്യമല്ലെന്നും യുദ്ധം സൈനികരിൽ മടുപ്പുളവാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഐ.ഡി.എഫ് തലവനും ഇസ്രായേൽ പ്രതിരോധ മന്ത്രിയും വെടിനിർത്തലിന് നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. പ്രതിരോധ മന്ത്രി യോവ് ഗാലൻറും ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഹെർസി ഹലേവിയുമാണ് വെടിനിർത്തൽ ആവശ്യപ്പെടുന്നതെന്ന് ഇസ്രായേൽ മാധ്യമമായ ജറുസലം പോസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
ഗസ്സയിലും ലബനാനിലും വെടിനിർത്തണമെന്നതാണ് ഇസ്രായേൽ പ്രതിരോധ വകുപ്പ് ആഗ്രഹിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി. തുടർച്ചയായി സൈനികർ കൊല്ലപ്പെടുന്നത് നിരാശരാക്കുന്നുണ്ട്. സൈനികമായി ഇനി വൻനേട്ടങ്ങൾ കൈവരിക്കാനുണ്ടെന്ന് തോന്നുന്നില്ല. ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 101 ഇസ്രായേലികളെ തിരികെ കൊണ്ടുവരണമെങ്കിൽ യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് വഴി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെടിനിർത്തലിന് ഇരുവരും നെതന്യാഹുവിന് മേൽ സമ്മർദം ശക്തമാക്കുന്നത്.