എ.സി. ജോർജ്
ഹൂസ്റ്റൺ: പാസഡീന മലയാളി അസ്സോസ്സിയേഷൻ 2024 വർഷിക ആഘോഷം ഒക്ടോബർ 26 ന് ശനിയാഴ്ച, അതിമനോഹരവും വർണശബളമായി ട്രിനിറ്റി മർത്തോമാ ചർച്ച് ആഡിറ്റോറിയത്തിൽ വച്ചു നടത്തി.
ബബിത റിച്ചാർഡ് ആലപിച്ച പ്രാത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറർ ജോൺ ജോസഫ് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡൻറ് തോമസ് ഉമ്മൻ അദ്ധ്യഷ പ്രസംഗം നടത്തി. അസോസിയേഷൻ നടത്തിയ ചാരിറ്റി അടക്കമുള്ള എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി റിച്ചാർഡ് സ്ക്കറിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കായിക പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനം മുഖ്യാതിഥി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ വിതരണം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേനേറ്ററും അസോസ്സിയേഷൻ ആസ്ഥാന കലാകാരൻ എന്നറിയപ്പെടുന്ന ജോമോൻ ജേക്കബ് ആണ് കലാപരിപാടികൾക്ക് നേതൃത്വം കൊടുത്തത്. ഡാൻസ്, പാട്ട്, കവിത, സ്കിറ്റ്, മാജിക് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ എല്ലാവരെയും വളരെ അധികം സന്തോഷി പ്പിച്ചു. വളരെ പ്രശസ്തമായ “റസ്പൂട്ടിൻ” എന്ന ഗാന അവതരണം ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന ഒരു മ്യൂസിക്കൽ പ്രോഗ്രാം ആയിരുന്നു.

പരിപാടിയുടെ അവസാനം റാഫിൾ ഡ്രോ നടത്തുകയും, ആകർഷക സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഹെൻറി അബാക്കസ്, ജോഷി വർഗീസ് എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. രുചികരമായ ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു. ഈ വാർഷികാഘോഷ വിജയത്തിനായി പ്രസിഡണ്ട് തോമസ് ഉമ്മൻ നേതൃത്വം നൽകുന്ന ഈ വർഷത്തെ കമ്മിറ്റിയിൽ സെക്രട്ടറി റിച്ചാഡ് സ്കറിയ, ട്രഷറർ ജോൺ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ജോമി ജോം, റോബിൻ ഫെറി, ഫെലിക്സ് കാരിക്കൽ, ആന്തണി റസ്റ്റം, പോൾ യോഹന്നാൻ, സലീം അറക്കൽ, രാജൻ ജോൺ, സുജ രാജൻ, ജോമോൻ ജേക്കബ്ബ് എന്നിവർ പ്രവർത്തിച്ചു.



