പാലക്കാട്: കെ.മുരളീധരന്‍ സ്വന്തം താല്‍പര്യപ്രകാരം രാഹുല്‍ മാങ്കൂട്ടത്തിനായി പാലക്കാട്ടേക്ക് പ്രചാരണത്തിന് വരില്ലെന്ന് സഹോദരിയും ബി.ജെ.പി നേതാവുമായ പത്മജ വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പാലക്കാട്ടുകാര്‍ ആരുമില്ലേ സ്ഥാനാര്‍ഥിയാക്കാനെന്നും പത്തനംതിട്ടയില്‍ നിന്ന് കൊണ്ടുവരേണ്ടതുണ്ടോയെന്നും പത്മജ ചോദിച്ചു.
‘മുരളീധരന്‍ അമ്മക്കുട്ടിയായിരുന്നു, അമ്മയെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് ജീവനായിരുന്നു. ആ അമ്മയെ പറഞ്ഞ ആരോടും മുരളീധരന്‍ ക്ഷമിക്കില്ല. അത് എനിക്കറിയാം. മുരളീധരന്‍ കരഞ്ഞുകണ്ടത് അമ്മ മരിച്ചപ്പോള്‍ മാത്രമാണ്. ആച്ഛന്‍ മരിച്ചപ്പോള്‍ സ്‌ട്രോങ്ങായി നിന്നയാളാണ്. അത്ര അടുപ്പമുള്ളയാളാണ്. പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവരും. രാഹുല്‍ ജയിക്കാന്‍ മനസുകൊണ്ട് അദ്ദേഹം ആഗ്രഹിക്കില്ല’.- പത്മജ പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സമയത്ത് തന്നെ പത്മജ വേണുഗോപാല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കരുണാകരന്റെ കുടുംബത്തെ അപമാനിച്ചയാളല്ലാതെ മറ്റാരും കോണ്‍ഗ്രസിലില്ലേ എന്ന ചോദ്യമാണ് പത്മജ ഉയര്‍ത്തിയിരുന്നത്. അമ്മയെ അപമാനിച്ചയാള്‍ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങേണ്ട ഗതികേടിലാണ് കെ മുരളീധരന്‍ എന്ന് ബിജെപിയും വിമര്‍ശിച്ചിരുന്നു.
പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശന സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പത്മജയുടെ ഡി.എന്‍.എ പരിശോധിക്കണം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ അമ്മയെയാണ് അപമാനിച്ചതെന്ന് പത്മജ പ്രതികരിക്കുകയും ചെയ്തിരുന്നു.