Friday, November 22, 2024

HomeMain Storyലോകം കനത്ത സസ്‌പെന്‍സില്‍; അമേരിക്കന്‍ ബാലറ്റങ്കത്തിന് മണിക്കൂറുകള്‍ മാത്രം

ലോകം കനത്ത സസ്‌പെന്‍സില്‍; അമേരിക്കന്‍ ബാലറ്റങ്കത്തിന് മണിക്കൂറുകള്‍ മാത്രം

spot_img
spot_img

എ.എസ് ശ്രീകുമാര്‍

കാത്തിരുന്ന ആ പ്രത്യേക ദിവസമിങ്ങെത്തുകയാണ്. ലോകം ഏറെ സസ്‌പെന്‍സോടെ ഉറ്റുനോക്കുന്ന യു.എസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്ക അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ‘നെക്ക് ആന്റ് നെക്ക്’ പോരാട്ടത്തിനാണ് 2024 സാക്ഷ്യം വഹിക്കുന്നത്. വെള്ളക്കാരിയല്ലാത്ത അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കമലാ ഹാരീസും തുടര്‍ച്ചയായ മൂന്നാംവട്ടം ഗോദയിലിറങ്ങിയ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മല്‍സരത്തിന് സമാനതകളില്ല എന്നതുതന്നെ കാരണം.

എന്നാല്‍ കാര്യങ്ങള്‍ ഉപ്പോഴും പ്രവചനാതീതമാണ്. പക്ഷേ, ഒരുകാര്യമുറപ്പാണ്, ആരു ജയിച്ചാലും അത് ചരിത്രമാകും. ട്രംപ് വിജയിച്ചാല്‍ മുന്‍ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡിനെപ്പോലെ തുടര്‍ച്ചയായല്ലാതെ രണ്ടുതവണ പ്രസിഡന്റായതിന്റെ ഖ്യാതി അദ്ദേഹത്തിനു നേടാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും പിന്നീട് നിയമപരമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുകയും ചെയ്ത ട്രംപിന്റെ രാഷ്ട്രീയ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതായിരിക്കും ആ വിജയം. ഗോദയുടെ മറുപകുതിയില്‍ പോരാടുന്ന കമലക്ക് നറുക്കു വീണാല്‍ യു.എസ് പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന കിരീടം ഈ ഇന്ത്യന്‍ വംശജയ്ക്ക് ചൂടാം. അങ്ങനെ 2016-ല്‍ ഹിലരി ക്ലിന്റണ് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ പരമാധികാരക്കസേര കമലയ്ക്ക് സ്വന്തമാകും.

തിരഞ്ഞെടുപ്പ് പ്രവചന വിദഗ്ധരായ അറ്റ്‌ലസ് ഇന്റില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചനയനുസരിച്ച് ട്രംപ് കമലയ്‌ക്കെതിരെ എല്ലാ സ്വിംഗ് സ്റ്റേറ്റുകളിലും നേരിയ വ്യാത്യാസത്തില്‍ ലീഡ് ചെയ്യുന്നുണ്ടത്രേ. വിധി നിര്‍ണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളിലെ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ട്രംപിന് 52. 3 ശതമാനം പിന്തുണ ലഭിച്ചു. മൊത്തത്തില്‍ ട്രംപ് കമലയെക്കാള്‍ 49 ശതമാനം മുതല്‍ 47. 2 ശതമാനം വരെ ലീഡ് നേടിയിട്ടുണ്ട്.

നോര്‍ത്ത് കരോലിനയില്‍ 3.4 ശതമാനം, ജോര്‍ജിയയില്‍ 2.5 ശതമാനം, അരിസോണയില്‍ 6.5 ശതമാനം, നെവാഡയില്‍ 5.5 ശതമാനം, വിസ്‌കോണ്‍സിനില്‍ 1 ശതമാനം, മിഷിഗണില്‍ 1.5 ശതമാനം, പെന്‍സില്‍വാനിയയില്‍ 1.8 ശതമാനം എന്നിങ്ങനെയാണ് ട്രംപ് കമലയെ പിന്നിലാകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ‘യുദ്ധ ഭൂമികള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വിംഗ് സ്റ്റേറ്റുകള്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കനുകൂലമായും പ്രതികൂലമായും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും.

ജനങ്ങളുടെ വോട്ടിനേക്കാള്‍ ഇലക്ടറല്‍ കോളേജ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോള്‍ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സ്വഭാവം നഷ്ടപ്പെടുന്നുവെന്നതാണ് അമേരിക്കയുടെ ന്യൂനത. അതാതു സ്റ്റേറ്റുകളിലെ ജനപ്രതിനിധികളുടെ എണ്ണം ജനസംഖ്യാനുപാതികമായി ഓരോ 10 വര്‍ഷവും മാറിക്കൊണ്ടിരിക്കും. ജനകീയ വോട്ടില്‍ മുന്നില്‍ നിന്നിട്ടും 2026-ല്‍ ഹിലരി ക്ലിന്റന്റെയും 2000-ല്‍ അല്‍ ഗോറിന്റെയും ഓവല്‍ ഓഫീസ് സ്വപ്നം തകര്‍ത്തത് ഈ ഇലക്ടറല്‍ കോളേജ് സംവിധാനമാണ്. കാലഹരണപ്പെട്ട ഈ രീതി മാറ്റിയെഴുതണമെന്ന് വാദിക്കുന്ന നിരവധിപേര്‍ രാജ്യത്തുടനീളമുണ്ട്.

ഇക്കുറി കമല വിജയിച്ചാല്‍, ഒരു വനിതയെ പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ മനസുകാണിക്കാത്ത അമേരിക്കന്‍ വെള്ളക്കാരുടെ ഹിതകരമല്ലാത്ത ലിംഗവിവേചനത്തിനെതിരെയുള്ള അതിശക്തമായ പ്രഹരമായിരിക്കുമത്. ശത്രുക്കളെ ശക്തിയിലൂടെ മാത്രമേ തോല്‍പ്പിക്കാന്‍ സാധിക്കൂ എന്ന് പറയുന്ന ട്രംപ്, തന്റെ എതിരാളി ഒരു സ്ത്രീയായതുകൊണ്ട് അവര്‍ക്കതിന് സാധിക്കില്ല എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കമലയാകട്ടെ ദേശഭേദങ്ങള്‍ക്കതീതമായാണ് തന്റെ നിലപാട് ഊട്ടിയുറപ്പിക്കുന്നത്.

വഞ്ചനാ കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട്, ലൈംഗിക പീഡനക്കേസുകളില്‍ കുപ്രസിദ്ധനായി, പ്രസിഡന്റായിരിക്കെ രണ്ടുവട്ടം ഇമ്പീച്ച്‌മെന്റിന് വിധേയനായ ട്രംപ് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തന്റെ വാക്കുകളിലെ പവര്‍ കൊണ്ടാണ്. അമേരിക്കയെ രക്ഷിക്കാനായി എല്ലാവരും തനിക്ക് വോട്ട് ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍, പ്രസിഡന്റായാല്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ പട്ടിക പുറത്തുവിട്ടാണ് കമലാ ഹാരിസ് ട്രംപിനെ പ്രതിരോധിക്കുന്നത്. അമേരിക്കയിലെ 24 കോടി ജനങ്ങള്‍ക്കാണ് ഈ തിരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഇതില്‍ ഏര്‍ളി വോട്ടിങ്, പോസ്റ്റല്‍ വോട്ടിങ് സംവിധാനങ്ങളിലൂടെ ഏഴ് കോടിയിലധികം ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു.

54 ശതമാനം സ്ത്രീകളുടെ പിന്തുണയാണ് കമല ഹാരിസിനെന്ന് എ.ബി.സി ന്യൂസ്-ഇപ്‌സോസ് സര്‍വേ പ്രവചിക്കുന്നത്. ട്രംപിനുള്ളത് 41 ശതമാനം പേരുടെ പിന്തുണയാണ്. എന്നാല്‍ ഏതു സര്‍വേകളെയും തോല്‍പ്പിക്കാനുള്ള മാന്ത്രികവിദ്യയുള്ള നേതാവാണ് ട്രംപ്. ഫോട്ടോ ഫിനിഷിങ്ങിലുടെ മത്സരം കയ്യടക്കാന്‍ ട്രംപിന് സാധിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

സാധാരണഗതിയില്‍ വോട്ടെടുപ്പ് ദിവസം രാത്രി തന്നെ വിജയിയെ കുറിച്ചുള്ള സൂചന യു.എസ് മാധ്യമങ്ങള്‍ പുറത്തുവിടാറുണ്ട്. നരേന്ദ്ര മോദിയുടെ സുഹൃത്താണ് ട്രംപ്. കമല ഇന്ത്യന്‍ വംശജയും. അതിനാല്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളും പ്രചാരണങ്ങളും സാകൂതം വീക്ഷിക്കുന്നവര്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി ഉറങ്ങുകയില്ല. നവംബര്‍ ആറ് ബുധനാഴ്ച രാത്രിയോടെ ആയിരിക്കും ഇന്ത്യയില്‍ ഫലം ഔദ്യോഗികമായി അറിയുക.

എന്നാല്‍ ജയിച്ച ആള്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് 2025 ജനുവരി 20 വരെ കാത്തിരിക്കേണ്ടി വരും. ആറാം തീയതി നടക്കുന്ന കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ഇലക്ട്രറല്‍ വോട്ടുകളുടെ എണ്ണലും തിരഞ്ഞെടുപ്പ് വിജയിയുടെ സര്‍ട്ടിഫിക്കേഷനും ഉള്‍പ്പെടെ നടക്കുക. ഈ നടപടി ക്രമങ്ങള്‍ക്ക് സിറ്റിങ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമല ഹാരിസാവും അധ്യക്ഷത വഹിക്കുക. ഇത് ഔദ്യോഗികമായി നടത്തുന്ന ചടങ്ങ് മാത്രമാവും. ഏതായാലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കിടയറ്റ സൗഹൃദത്തിനും സഹകരണത്തിനും വിവധ മേഖലകളിലുള്ള പങ്കാളിത്തത്തിനും വകനല്‍കുന്നതായിരിക്കും നൂറ്റാണ്ടിലെ ശര്‌ദ്ധേയമായ തിരഞ്ഞെടുപ്പ് ഫലമെന്ന് കരുതാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments