പട്ടായ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രസിഡന്റ് ആരാണെന്ന പ്രവചനം നടത്തി വൈറലായ കുള്ളൻ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗ്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിനേയാണ് വൈറൽ ഹിപ്പോ മൂ ഡെംഗ് തെരഞ്ഞെടുത്തത്. തായ്ലാൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിൽ നവംബർ 5നാണ് ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നത് കാണാനെത്തിയത് ആയിരക്കണക്കിന് സന്ദർശകരായിരുന്നു. പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളിൽ ഇരു സ്ഥാനാർത്ഥികളുടേയും പേരുകൾ എഴുതിയാണ് മൃഗശാല അധികൃതർ മൂ ഡെംഗിന് മുൻപിൽ വച്ചത്. ഇതിൽ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം അവസാനിക്കേയാണ് വൈറൽ ഹിപ്പോയുടെ പ്രവചനം വൈറലാവുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അവസാന വട്ട പ്രചാരണം നടന്നത്. പെൻസിൽവേനിയ പിടിക്കാനുള്ള ശ്രമത്തിലാണ് ഡോണൾഡ് ട്രംപും കമല ഹാരിസുമുള്ളത്. ഇവിടെ മാത്രം അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാമെന്നാണ് സൂചനനകൾ. വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പിന് പ്രതീക്ഷ നൽകുന്നതാണ് വൈറൽ ഹിപ്പോയുടെ പ്രവചനം.
വളരെ അപൂർവ്വമായി ജനിക്കുന്ന കുള്ളൻ ഹിപ്പൊപ്പൊട്ടാമസുകൾ എന്നതിനാൽ തന്നെ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ മൂ ഡെംഗ് വൈറലായിരുന്നു. ഒരു ഘട്ടത്തിൽ മൃഗശാലയിലെത്തി കുള്ളൻ ഹിപ്പോയുടെ ശ്രദ്ധ തിരിക്കാൻ സന്ദർശകർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കർശന നിലപാട് മൃഗശാല അധികൃതർ സ്വീകരിക്കുന്നതിലേക്ക് വരെ എത്തിയിരുന്നു കുള്ളൻ ഹിപ്പോയുടെ പ്രശസ്തി. പശ്ചിമ ആഫ്രിക്ക സ്വദേശികളാണ് പിഗ്മി ഹിപ്പോ അഥവാ ഡ്വാർഫ് ഹിപ്പോകൾ. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഇവ. ലോകത്തിൽ തന്നെ 3000 താഴെ പിഗ്മി ഹിപ്പോകളാണ് അവശേഷിക്കുന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്.