വാഷിങ്ടണ്‍: ലോകം ആകാംക്ഷയോടെ വീക്ഷിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ കാത്തിരിക്കുന്നത് വിജയി ആരെന്ന് അറിയാനാണ്. കമലയും ട്രംപും പ്രവചനങ്ങളില്‍ മാറിമറിയുമ്പോള്‍ ഫല പ്രഖ്യാപനം എന്നുണ്ടാകും ? ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ രാത്രി തന്നെ ഫലം പ്രഖ്യാപിച്ച ചരിത്രവും അമേരിക്കന്‍ ജനാധിപത്യത്തിനുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. വിജയം ഇനി ആര്‍ക്കായാലും അത് ചെറിയ ഭൂരിപക്ഷത്തിലാവാനും സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ റീകൗണ്ടിംഗ് സാധ്യതകളും സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടും. അപ്പോള്‍ ഫലം പിന്നെയും വൈകാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
2020 ലെ തിരഞ്ഞെടുപ്പില്‍, പെന്‍സില്‍വാനിയയിലെ ഫലം കൂടുതല്‍ വ്യക്തമാകുന്നതുവരെ, തിരഞ്ഞെടുപ്പ് ദിവസം കഴിഞ്ഞ് നാല് ദിവസം വരെ യുഎസ് ടിവി നെറ്റ്‌വര്‍ക്കുകള്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചില്ല.
2016ല്‍ വോട്ടെടുപ്പ് അവസാനിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം ട്രംപിനെ വിജയിയായി പ്രഖ്യാപിച്ച ചരിത്രവും മുന്നിലുണ്ട്. 2012ല്‍, ബരാക് ഒബാമ രണ്ടാം തവണ അധികാരമേറ്റപ്പോള്‍, തിരഞ്ഞെടുപ്പ് ദിവസം അതേ വൈകുന്നേരം അര്‍ദ്ധരാത്രിക്ക് മുമ്പ് അദ്ദേഹത്തിന്റെ വിജയം പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയമാണ്.
എന്തായാലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ വിജയിയെ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ എപ്പോള്‍ പുറത്തുവരൂ എന്ന് നിര്‍വചിക്കാന്‍ കഴിയൂ.