വാഷിംഗ്ടൺ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയിൽ രാഷ്ട്രീയ തീരുമാനങ്ങളിൽ ലിംഗ വ്യത്യാസം സ്വാധീനം ചെലുത്തുന്നതായി നിരീക്ഷണങ്ങളുണ്ട്. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ 1980 മുതൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഡെമോക്രാറ്റിക് പാർട്ടിയെ അനുകൂലിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കായി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റ് പാർട്ടിക്കായി കമലാ ഹാരിസും ഇറങ്ങുമ്പോൾ നിർണ്ണായകമാകുക ലിംഗ വ്യത്യാസവുമായി ബന്ധപ്പെട്ട ഘടകങ്ങൾ തന്നെയാകുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയിലെ വലിയൊരു വിഭാഗം വോട്ടർമാരും വെളുത്ത വർഗക്കാരിൽ നിന്നുമാണ്. കഴിഞ്ഞ 20 വർഷങ്ങളായി ഈ വിഭാഗം പിൻതാങ്ങുന്നത് റിപ്പബ്ലിക്കൻ പാർട്ടിയെയാണ്. ലാറ്റിൻ-ഏഷ്യൻ അമേരിക്കക്കാരുടെ ജനസംഖ്യ വർദ്ധിച്ചപ്പോൾ വെള്ളക്കാരായ വോട്ടർമാർ വോട്ട് ചെയ്യുന്നതിൽ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1990 മുതലാണ് അത്തരത്തിലൊരു മാറ്റം വിലയിരുത്തപ്പെടാൻ തുടങ്ങിയത്. ആഫ്രോ-അമേരിക്കൻ വംശജരിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലുമുളള പുരുഷന്മാരുടെ പിന്തുണ ഡെമോക്രാറ്റുകൾക്ക് നഷ്‌ടപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ മറ്റു മേഖലകളിൽ നിന്ന് പ്രത്യേകിച്ചും സ്ത്രീ വോട്ടർമാരിൽ നിന്നും ഡെമോക്രാറ്റുകൾക്ക് അധിക പിന്തുണ ലഭിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
സെൻ്റർ ഫോർ അമേരിക്കൻ വിമൻ ആൻഡ് പൊളിറ്റിക്സ് പറയുന്നതനുസരിച്ച്, 1964 മുതൽ എല്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളിലും സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. അതിനാൽ സ്ത്രീ വോട്ടർമാരുടെ എണ്ണം ഇരു പാർട്ടികൾക്കും നിർണായകമാണ്. സമ്പദ്‌വ്യവസ്ഥയും തൊഴിലവസരവും പോലുള്ള പ്രധാന പ്രശ്‌നങ്ങൾ അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പ്രധാന വിഷയങ്ങളായി പലപ്പോഴും വരുന്നതാണ്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് ഫലങ്ങളെ സാരമായി ബാധിക്കുന്ന രണ്ട് പ്രധാന വിഷയങ്ങൾ ഗർഭച്ഛിദ്രവും കുടിയേറ്റവുമാണ്.
ഗാലപ്പിൻ്റെ ഒരു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 18 മുതൽ 29 വരെ പ്രായമുള്ള സ്ത്രീകൾ ഗർഭച്ഛിദ്രം പോലുളള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ്. ഇത് ഡെമോക്രാറ്റിക് പാർട്ടിയ്ക്കുള്ള സ്ത്രീ വോട്ടർമാരുടെ പിന്തുണ വർദ്ധിക്കുന്നു. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താണമെന്ന നയത്തെ പിന്തുണയ്ക്കുന്നതാണ് ഡോണൾഡ് ട്രംപിനെ ഈ തിരഞ്ഞെടുപ്പിൽ പിന്നോട്ട് വലിക്കുന്നത്. ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് സ്ത്രീ വോട്ടർമാരുടെ നിലപാടിൽ നിർണ്ണായകമാകുന്നത്.
വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും യുഎസിൽ ഇപ്പോൾ താമസിക്കുന്ന കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗർഭഛിദ്ര അവകാശങ്ങൾക്കുള്ള ദേശീയ സംരക്ഷണം പുനഃസ്ഥാപിക്കാൻ യുഎസ് കോൺഗ്രസ് പാസാക്കുന്ന ഏത് നിയമനിർമ്മാണത്തിലും ഒപ്പിടാൻ തയാറാണെന്ന് കമല ഹാരിസും വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ സ്ത്രീ വോട്ടർമാർ ട്രംപിനേക്കാൾ കമലയെയാണ് പിന്തുണയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. മുൻ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാലും ട്രംപിന് സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിരുന്നില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പിൽ 55% സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചത് ജോ ബൈഡനായിരുന്നു. 44% മാത്രമാണ് ട്രംപിനെ പിന്തുണച്ചത്. 2016 ൽ സ്ത്രീ വോട്ടുകളുടെ 54% ഹിലരി ക്ലിൻ്റൺ നേടിയപ്പോൾ 39% മാത്രമാണ് ട്രംപിന് ലഭിച്ചത്.
ഈ തിരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് അതീവ പ്രാധാന്യമുണ്ട്. ബ്രൗൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻ്റിസ്റ്റ് കാതറിൻ ടേറ്റ് റിപ്പോർട്ടുകൾ പ്രകാരം, കമലാ ഹാരിസ് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അതിൽ സ്ത്രീകളുടെ പ്രധാന്യം വലിയ പങ്കുവഹിക്കും എന്നാണ്. ട്രംപ് തൻ്റെ നിലപാടുകളിലൂടെ സ്ത്രീ വോട്ടർമാരുടെ പിന്തുണ ഇല്ലാതാക്കി എന്നാണ് പഠനങ്ങൾ പറയുന്നത്. 1970-കൾ മുതൽ കുറഞ്ഞത് 27 സ്ത്രീകളെങ്കിലും ട്രംപിനെതിരെ ലൈംഗികാതിക്രമവും മോശം പെരുമാറ്റവും ആരോപിച്ചിരുന്നു. അവയെല്ലാം മുൻ പ്രസിഡൻ്റ് നിഷേധിച്ചു എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം ട്രംപിനോടുള്ള സ്ത്രീ വോട്ടർമാരുടെ അതൃപ്തിയുടെ കാരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.