വാഷിങ്ടൻ: ലോകം മുഴുവൻ കണ്ണും കാതും കൂർപ്പിച്ച് കാത്തു നില്ക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. .ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് വാഷിങ്ടനിലെ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി ആസ്ഥാനത്തെത്തി.കമല ഹാരിസ് വോട്ടർമാരെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു
ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് വോട്ടുരേഖപ്പെടുത്തി.ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിങ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് വോട്ടുരേഖപ്പെടുത്തിയത്. വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടെസ്ല, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് ടെക്സസിൽ വോട്ടു രേഖപ്പെടുത്തി. ട്രംപിന്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിനായി കോടിക്കണക്കിന് ഡോളറാണ് മസ്ക് സംഭാവനയായി നൽകിയത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിലിരുന്ന് വോട്ടെടുപ്പും തിരഞ്ഞെടുപ്പ് ഫലവും വീക്ഷിക്കും. തിരഞ്ഞെടുപ്പു ദിവസം അദ്ദേഹം പാർട്ടി പരിപാടികളിൽ പങ്കെടുക്കില്ലെന്നാണ് സൂചന. പ്രസിഡന്റിന്റെ ചൊവ്വാഴ്ചത്തെ പൊതുപരിപാടികൾ അവസാനിച്ചതായി വൈറ്റ്ഹൗസ്.