വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽപെൻസിൽവേനിയഗ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും കൗണ്ടികളിൽ വോട്ടെടുപ്പ് സമയം നീട്ടി. വോട്ടെടുപ്പ് തുടങ്ങാൻ വൈകിയതിനാലാണിത്. പെൻസിൽവേനിയയിൽ സോഫ്റ്റ്‌വെയർ തകരാറാണ് വോട്ടെടുപ്പ് വൈകിപ്പിച്ചത്.. സാങ്കേതിക പ്രശ്നം ബാലറ്റ് സ്‌കാനറുകളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ തിരഞ്ഞെടുപ്പ് തിരിമറി അഭ്യൂഹങ്ങൾ വ്യാപിക്കുന്നുണ്ട്.
ഇതിനിടെ ട്രംപ് ജയിച്ചാൽ കലാപമുണ്ടാക്കുമെന്ന് സമൂഹമാധ്യമത്തിൽ ഭീഷണി മുഴക്കിയ രണ്ടുപേരെ മിഷിഗനിൽ എഫ്ബിഐ അറസ്റ്റുചെയ്തു.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ജോർജിയ, മെയ്ൻ, നോർത്ത് കാരോലൈന എന്നീ സംസ്ഥാനങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതും ആശങ്ക ഉണ്ടാക്കി.. ജോർജിയയിലെ ഫുൾടൻ കൗണ്ടിയിലെ രണ്ട് പോളിങ് സ്‌റ്റേഷനുകളിലാണ് ആദ്യം സന്ദേശങ്ങളെത്തിയത്. ഇതേത്തുടർന്ന് ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചു. സന്ദേശങ്ങളുടെ ഉറവിടം റഷ്യയാണെന്ന് യുഎസ് അന്വേഷണ ഏജൻസി എഫ്‌ബിഐ സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.പോളിങ് ബൂത്തുകൾക്കു മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. പോളിങ് ബൂത്തിലെ തിരക്ക് അഭിമാനമുണ്ടാക്കുന്നുവെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസും വോട്ടു രേഖപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസ് നേരത്തെ തപാൽ വോട്ടു ചെയ്തിരുന്നു.യുഎസ് പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ (ഇന്ത്യൻ സമയംരാത്രി 10.30) ഹവായിയിലും വോട്ടെടുപ്പ് തുടങ്ങിയതോടെ യുഎസിലെ എല്ലാ സംസ്‌ഥാനങ്ങളും വോട്ടെടുപ്പ് തിരക്കിലായി.വെർമോണ്ട് സംസ്‌ഥാനത്താണ് ആദ്യം വോട്ടെടുപ്പ് തുടങ്ങിയത്. പ്രാദേശിക സമയം പുലർച്ചെ അഞ്ചു മണിയോടെയാണ് വെർമോണ്ടിലെ പോളിങ് ബൂത്തുകൾ ഉണർന്നത്.