ന്യൂയോര്‍ക്ക്: അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജോര്‍ജിയയിലെ രണ്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് നേരേ ബോംബ് ഭീഷണിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലറ്റ് സ്‌കാനിങ്ങില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ കാംബ്രിയ, പെന്‍സില്‍വേനിയ എന്നിവിടങ്ങളിലെ പോളിങ് സമയം നീട്ടിനല്‍കി.
വിവിധ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പോളിങ് തുടരുകയാണ്. സ്വിങ് സ്റ്റേറ്റുകളെന്നറിയപ്പെടുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ, വിസ്‌കോന്‍സിന്‍, നേവഡ എന്നിവിടങ്ങളിലും പോളിങ് ആരംഭിച്ചു.
ന്യൂഹാംപ്‌ഷെയര്‍ സംസ്ഥാനത്തെ ഡിക്‌സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ഇവിടെ കമലാ ഹാരിസിനും ഡൊണാള്‍ഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പ്രതികരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.
ഇന്ത്യന്‍സമയം ചൊവ്വാഴ്ച 4.30-നും 6.30-നുമിടയില്‍ ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 5.30-നും 7.30-നുമിടയില്‍ അവസാനിക്കും. പിന്നാലെ എത്തുന്ന എക്‌സിറ്റ് പോളുകളില്‍നിന്ന് വിജയിയെ അറിയാനാകും. എന്നാല്‍, ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനേ ഉണ്ടാകൂ.
വിജയിച്ചാല്‍ യു.എസ്. പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല. ജയിച്ചാല്‍ 130 വര്‍ഷത്തിനുശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു.എസ്. പ്രസിഡന്റാകുന്ന വ്യക്തിയെന്ന ഖ്യാതി ട്രംപിനു സ്വന്തമാകും.