ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 7 സ്വിങ് സ്റ്റേറ്റുകളില്‍ ആറും പിടിച്ച് ഡോണള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു.
230 ഇലക്ടറല്‍ വോട്ടുകളുമായി ഡോണള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. കമല ഹാരിസിന് 187 വോട്ടുകളാണു ലഭിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപാണു മുന്നില്‍. അരിസോന, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറുകയാണ്. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. നേവാഡയിലെ ഫലസൂചനകള്‍ പുറത്തുവരാനുണ്ട്.
ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്‌സ്. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴില്‍ ആറും ട്രംപിനൊപ്പമാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതുവരെ പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം 21 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുകയാണ്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.