ഒട്ടാവ: ഖലിസ്ഥാന്‍ (Khalistan) അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥനെ കാനഡ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. ബ്രാംപ്ടണിലെ ഹിന്ദുക്ഷേത്രത്തിന് മുന്നില്‍ നടത്തിയ ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത പീല്‍ റീജിയണല്‍ പോലീസ് ഓഫീസറായ ഹരീന്ദര്‍ സോഹിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഖലിസ്ഥാനി പതാകയേന്തി ഇയാള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ടായിരുന്നു.
പീല്‍ റീജിയണല്‍ പോലീസ് സേനയിലെ സെര്‍ജന്റ് ആയി ജോലി ചെയ്യുകയായിരുന്നു ഹരീന്ദര്‍ സോഹി. പോലീസുകാരന്‍ ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മീഡിയ റിലേഷന്‍ ഓഫീസര്‍ റിച്ചാര്‍ഡ് ചിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
“സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും,” എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ ഹിന്ദു സഭാ ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അക്രമ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. ഖലിസ്ഥാന്‍ അനുകൂല പതാകയേന്തി പ്രതിഷേധിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ ഇന്ത്യന്‍ പതാകയേന്തി പ്രതിഷേധം നടത്തിയവരുമായി ചിലര്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെപ്പറ്റി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയോടെ ഹിന്ദു സഭാ മന്ദിര്‍ ക്ഷേത്രത്തിന് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായി പീല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
“സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ അക്രമവും ക്രിമിനല്‍ പ്രവര്‍ത്തനവും വെച്ചുപൊറുപ്പിക്കില്ല,” പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങളില്‍ പങ്കെടുത്തവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അക്രമത്തെ അപലപിച്ച് കാനഡയിലെ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയത്തില്‍ പ്രതികരിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.
“കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നു. ഇത്തരം ആക്രമണങ്ങളിലൂടെ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലപ്പെടുത്താനാകില്ല,” മോദി എക്‌സില്‍ കുറിച്ചു.
കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.