മുംബൈ: 162 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് മുന്‍ ജനറല്‍ മാനേജര്‍ ഡോ. ആനന്ദ് മിത്തലിന് പ്രത്യേക സി.ബി.ഐ കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
പ്രസ്തുത അക്കൗണ്ടിലെ 1.30 കോടി രൂപ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 2016 സെപ്റ്റംബറിലാണ് സി.ബി.ഐ മിത്തലിനെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. പ്രോസിക്യൂഷന്‍ കേസ് പ്രകാരം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഉപസ്ഥാപനമായ നൈജീരിയയിലെ എം.എസ് പ്രസ്റ്റീജ് അഷ്വറന്‍സ് ലാഗോസിന്റെ എം.ഡിയായി മിത്തലിനെ നിയോഗിച്ചിരുന്നു.
2010 മാര്‍ച്ച് മൂന്നു മുതല്‍ 2014 ഡിസംബര്‍ 12 വരെയുള്ള ഭരണകാലത്ത് അദ്ദേഹം സ്ഥാപനത്തില്‍ നിന്ന് അനര്‍ഹമായി വന്‍ തോതിലുള്ള ഫണ്ട് സ്വീകരിക്കുകയും ചെയ്തു.
ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണ് തുക പിന്‍വലിച്ചതെന്നും സ്വീകരിച്ചതെന്നും സി.ബി.ഐ വ്യക്തമാക്കി. എന്നാല്‍ ബോര്‍ഡ് തുക അനുവദിച്ചതായി ഡോ. മിത്തല്‍ അവകാശപ്പെട്ടു. 2014 ഒക്ടോബര്‍ 29-ന് നടന്ന യോഗത്തിന്റെ മിനിറ്റ്‌സുകളും അനുബന്ധ രേഖകളും സി.ബി.ഐ കണ്ടെടുത്തു. എന്നാല്‍ പിന്‍വലിച്ച തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ബോര്‍ഡ് അംഗീകരിച്ചതെന്ന് സി.ബി.ഐ പറഞ്ഞു.