പാലക്കാട്: തന്നെ അപമാനിച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.രഘുനാഥിനെതിരെയടക്കം നടപടിയെടുക്കാതെ അനുനയത്തിനില്ലെന്ന് നേതൃത്വത്തോട് വ്യക്തമാക്കി സന്ദീപ് വാര്യർ.എല്ലാം തെരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കാമെന്നും സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തിരിച്ചെത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പാർട്ടിയെ പ്രതിരോധത്തിലാക്കി പൊട്ടിത്തെറിച്ച സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റ നീക്കം ഇതുവരെയും വിജയം കണ്ടിട്ടില്ല.
മാത്രമല്ല പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കടുത്ത നിലപാടിലേക്ക് കടന്നിരിക്കുകയാണ് സന്ദീപ്.തെരഞ്ഞെടുപ്പ് കൺവെന്‍ഷൻ സമയം, തന്നെ അപമാനിച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് രഘുനാഥിനെതിരെ നടപടി വേണമെന്ന് ചര്‍ച്ചകളിൽ സന്ദീപ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.കൂടാതെ തന്‍റെ ഒപ്പം നിന്നതിന് പലപ്പോഴായി ചിലരെ ചുമതലകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അവരെ തിരിച്ചടുക്കണമെന്നും പറയുന്നു.
ചില പ്രശ്നങ്ങൾ ഉണ്ടായെന്ന് ചർച്ചകളിൽ നേതൃത്വം സമ്മതിക്കുന്നുണ്ടെങ്കിലും അതിനപ്പുറം നടപടിയൊന്നും ഈ ഘട്ടത്തിൽ സാധ്യമല്ലെന്നാണ് നേതൃത്വത്തിന്‍റ നിലപാട്.സന്ദീപ് പ്രചാരണ രംഗത്ത് തിരിച്ചെത്തണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സുരേന്ദ്രന്‍റെ വാക്കുകളിൽ നിന്നും ഒരു കത്യം വ്യക്തമാകുന്നു.പ്രചാരണത്തിന് എത്തിയില്ലെങ്കിൽ അക്കാര്യം ഉയർത്തി തെരഞ്ഞെടുപ്പിന് ശേഷം സന്ദീപിനെതിരെ നടപടിയെടുക്കാനാണ് ഔദ്യോഗിക പക്ഷം ലക്ഷ്യമിടുന്നത്.ആര്‍.എസ്.എസിനേയും കാര്യങ്ങള്‍ ബോധിപ്പിക്കാനാകുമെന്ന് അവർ കരുതുന്നു.പാർട്ടിയിലെ ചില നേതാക്കളുടെ പിന്തുണ ഒഴിച്ചാൽ പഴയ പോലെ കൃഷ്ണദാസ് പക്ഷം സന്ദീപിനെ കാര്യമായി പിന്തുണക്കുന്നുമില്ല.
തത്കാലം സംസ്ഥാന നേതൃത്വത്തോട് അകന്ന് മറ്റിടങ്ങളിലേക്ക് ഉടൻ ചേക്കേറാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് സന്ദീപിന്‍റെ നീക്കം.എന്തായാലും തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ പൊട്ടിത്തെറി കൂടുതൽ കലുഷിതമാകാനാണ് സാധ്യത.സന്ദീപ് പുറത്തേക്കൊ എന്നതാണ് ചോദ്യം.