ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. ട്രംപിൻ്റെ വിജയത്തെ മുൻകാല ‘തെറ്റായ നയങ്ങൾ’ പുനഃപരിശോധിക്കാനുള്ള അവസരമെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. നേരത്തെ, ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാന് മേൽ അമേരിക്ക കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത്. 2015ലെ ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറുകയും ഇറാന് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
മുൻ കാലത്തെ തെറ്റായ നയങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള അവസരം ഡൊണാൾഡ് ട്രംപിന് ലഭിച്ചിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മെയ്ൽ ബഗായ് പറഞ്ഞു. വീണ്ടും ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് മടങ്ങി എത്തുന്നതിൽ ഇറാനും ആശങ്കപ്പെടാൻ ഏറെയുണ്ട് എന്നതാണ് യാഥാർത്ഥ്യം. ട്രംപിന്റെ ഭരണ കാലത്താണ് 2020-ൽ ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ഡൊണാൾഡ് ട്രംപ് സ്വന്തമാക്കിയത്. 538 ഇലക്ടറൽ വോട്ടുകളിൽ 290-ലധികം വോട്ടുകൾ ട്രംപ് ഉറപ്പാക്കിയിരുന്നു. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടിയാണ് ട്രംപ് രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ ആദ്യമായി അധികാരത്തിൽ തിരിച്ചെത്തുന്ന വ്യക്തിയെന്ന നേട്ടവും ട്രംപ് സ്വന്തം പേരിലാക്കി.