നാഗർകോവിൽ: പ്രതിഭാഗവുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകനെ ചുട്ടു കൊന്നു. തക്കല കുമാരപുരം ചരവിള സ്വദേശി അഡ്വ. ക്രിസ്റ്റോഫർ സോഫി (50) ആണ് കൊല്ലപ്പെട്ടത്. ആരൽവായ്മൊഴി ഭീമനഗരി സത്യാൻകുളക്കരയിൽ വ്യാഴാഴ്ച രാവിലെയോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ ക്രിസ്റ്റോഫർ സോഫിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തിരുപ്പതിസാരം സ്വദേശിയായ ഇശക്കി മുത്തു അഭിഭാഷകനെ ബൈക്കിൽ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. വസ്തുവുമായി ബന്ധപ്പെട്ട ഒരു കേസിൽ അഡ്വ. ക്രിസ്റ്റോഫർ സോഫിക്ക് ഇശക്കി മുത്തു വക്കാലത്ത് നൽകിയിരുന്നു.എന്നാൽ പ്രതിഭാഗവുമായി ചേർന്ന് അഭിഭാഷകൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും വസ്തുവിന്റെ പ്രമാണങ്ങൾ ആവശ്യപ്പെട്ടപ്പോൾ മടക്കി നൽകാൻ കൂട്ടാക്കിയില്ലെന്നും ഇശക്കി മുത്തു പൊലീസിനോട് പറഞ്ഞു. ഇതാണ് കൊല ചെയ്യാൻ തന്നെ പ്രകോപിപ്പിച്ചതെന്നും ഇശക്കി മുത്തു പറഞ്ഞു.ഇതിനിടെ വാഴക്കന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഇശക്കി മുത്തുവിടെ സമീപിച്ചിരുന്നു. വാഴക്കന്ന് നൽകാമെന്ന് പറഞ്ഞ് അഭിഭാഷകനെ ബൈക്കിൽ ഭീമനഗരിയിലെ കുളക്കരയിൽ എത്തിച്ച ശേഷം വെട്ടികൊലപ്പെടുത്തി. തുടർന്ന് വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ ഉപയോഗിച്ച് മൃതദേഹം കത്തിച്ചുവെന്നും ഇശക്കി മുത്തു പൊലീസിനോട് സമ്മതിച്ചു.