കൊച്ചി: താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടന് മോഹന്‍ലാല്‍. മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്.
അമ്മയുടെ പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ജൂണില്‍ മാത്രമേ ഇതു നടക്കാന്‍ സാധ്യതയുള്ളൂ. ഒരു വര്‍ഷത്തേക്കാണു താല്‍ക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. മൂന്നു വര്‍ഷത്തിലൊരിക്കലാണ് സാധാരണയായി ജനറല്‍ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. ഇത്തരത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് മോഹന്‍ലാലിനെ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ തീരുമാനിച്ചതും സിദ്ദിഖ് അടക്കമുള്ളവരെ തിരഞ്ഞെടുത്തതും.
2021ലെ തിരഞ്ഞെടുപ്പിലും മോഹന്‍ലാലും ഇടവേള ബാബുവും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ 25 വര്‍ഷത്തിനുശേഷം ഇടവേള ബാബു ഭാരവാഹിത്വത്തില്‍നിന്ന് ഒഴിയുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ കൂടി മാറുന്നതു സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് സംഘടന വിലയിരുത്തിയിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചത്. മത്സരമുണ്ടാകുമെങ്കില്‍ താന്‍ ആ പദവിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിനു പിന്നാലെയാണ്മ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതും. ഇതിനു പിന്നാലെ ചലച്ചിത്ര മേഖലയിലെ പല പ്രമുഖര്‍ക്കുമെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായി. ഈ സാഹചര്യത്തിലെല്ലാം അമ്മ നേതൃത്വം അഴകൊഴമ്പന്‍ നിലപാടാണു സ്വീകരിക്കുന്നതെന്ന രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അമ്മയ്ക്ക് അനുകൂല നിലപാടുമില്ല, പ്രതികൂല നിലപാടുമില്ല എന്ന നിലപാടെടുത്ത സിദ്ദിഖിനു നേരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണത്തില്‍ അകപ്പെട്ടു. അമ്മ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നില്ല എന്ന വിമര്‍ശനവും ശക്തമായപ്പോഴാണ് തിരുവനന്തപുരത്തു വച്ച് അദ്ദേഹം ഇക്കാര്യത്തില്‍ മനസ്സു തുറന്നത്. പക്ഷേ, മോഹന്‍ലാലിന്റെ വിശദീകരണത്തിനു നേരെയും പിന്നീട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.