റാമല്ല: ഫലസ്തീനില്‍ സമാധാനത്തിനായി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഫലസ്തീനിയന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ട്രംപുമായുള്ള ഫോണ്‍കോളിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിനെ അഭിനന്ദിച്ച അബ്ബാസ്, അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള സമാധാനം കൊണ്ടു വരുന്നതിനായി നിയുക്ത യു.എസ് പ്രസിഡന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് ട്രംപും അബ്ബാസിന് ഉറപ്പ് നല്‍കി. ഫലസ്തീന്‍ പ്രസിഡന്റ് അബ്ബാസിനൊപ്പവും മറ്റുള്ള നേതാക്കള്‍ക്കൊപ്പവും മേഖലയിലെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ട്രംപ് ഉറപ്പ് നല്‍കി.
നേരത്തെ താന്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ നരനായാട്ടില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് പുറത്ത് വന്നു. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ 70 ശതമാനത്തോളം പേര്‍ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരില്‍ 44 ശതമാനവും കുട്ടികളാണ്. 26 ശതമാനം സ്ത്രീകളും. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് മുതല്‍ ഒമ്പത് വയസ്സുവരെയുള്ളവരാണെന്നും 32 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.