അതൊരു അവിസ്മരണീയ നിമിഷമായിരുന്നു. ശാസ്ത്രീയ നൃത്തം മാസ്മരികമായി കാണികളിലേക്ക് പ്രവഹിക്കുകയായിരുന്നു. ആവേശത്തിലേക്കും, അതിലുപരി ഓരോ ചുവടുകളും കാഴ്ചക്കാരുടെ മനസിലേക്കും കോറിയിട്ട അതിമനോഹരമായ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ അരങ്ങേറ്റത്തിനാണ് ന്യൂജേഴ്സി സാക്ഷ്യം വഹിച്ചത്.
നൃത്തത്തെ സിരകളില്‍ ആവാഹിച്ച പാര്‍വതി സുബ്രഹ്മണ്യന്‍ (52), ശോഭാ പിള്ള (51) ബെന്‍സി മേരി അജിത് (48), ഗോമതി ഗോപാലകൃഷ്ണന്‍ (47) എന്നീ നാല് സ്ത്രീരതനങ്ങള്‍ കയ്യും മെയ്യും പ്രായവും മറന്ന് നൃത്തത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോള്‍, ബ്രിഡ്ജ്വാട്ടറിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ അതൊരു അവിസ്മരണീയ പ്രകടനമായിരുന്നു. ‘ശക്തി’ എന്ന് പേരിട്ടിരുന്ന അരങ്ങേറ്റ പരിപാടിയില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിലെ വൈദഗ്ധ്യത്തെ ഏവരിലേക്കും എത്തിക്കാനായി നാല് നര്‍ത്തകര്‍ക്കും. നവംബര്‍ 9നായിരുന്നു പരിപാടി.
പ്രശസ്തമായ വേദിക പെര്‍ഫോമിംഗ് ആര്‍ട്സിലെ അര്‍പ്പണബോധമുള്ള ഈ നാല് വിദ്യാര്‍ത്ഥികള്‍ക്കും വഴികാട്ടിയായത് ഗുരു റുബീന സുധര്‍മ്മനാണ്. കഴിഞ്ഞ 6 വര്‍ഷമായി ഈ നാലുപേരും നൃത്തം അഭ്യസിക്കുന്നുണ്ട്. കലകളിലെ സ്ത്രീകളെക്കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകളെയും വെല്ലുവിളികളെയും മറികടന്നുള്ള അത്യുജ്ജ്വല പ്രകടനം അചഞ്ചലമായ അര്‍പ്പണബോധവും സ്ഥിരോത്സാഹവും കലയ്ക്ക് പ്രായമോ ലിംഗഭേദമോ ഇല്ലെന്ന് തെളിയിച്ചു.
പ്രായത്തിന്റെ അതിരുകള്‍ തീര്‍ത്ത മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അരങ്ങേറ്റം നൃത്തച്ചുവടുകളിലെ അച്ചടക്കത്തിന്റെയും സമര്‍പ്പണത്തിന്റെയും ശക്തിയെ എടുത്തുകാട്ടി. കലയുടെ കാലാതീതമായ ചൈതന്യത്തെയും നൃത്തത്തിലെ സ്ത്രീകളുടെ ശാക്തീകരണ ശക്തിയെയും പ്രതീകപ്പെടുത്തുന്ന ‘ശക്തി’ പ്രേക്ഷകരെ മാസ്മരികമായ കലാ ആസ്വാദനത്തിലേക്കും വഴിനടത്തി.