മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാന്‍ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ റഷ്യ. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജോലിക്കിടയിലെ ഒഴിവുവേളകളില്‍ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന’ ആഹ്വാനം പുടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രൈന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനന നിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടിരുന്നു.
രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുകയും അതവരുടെ പെന്‍ഷനിലേക്ക് വകയിരുത്തുന്ന രീതിയിലുള്ള പദ്ധതികളും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് സാമ്പത്തിക സഹായമായി 5000 റൂബിള്‍ (4,395 ഇന്ത്യന്‍ രൂപ) ധനസഹായം നല്‍കുക, വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ സഹായമായി 26,300 റൂബിള്‍ (23,122 ഇന്ത്യന്‍ രൂപ) നല്‍കുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.
ഖബാറോവ്‌സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കു കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും. ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്തോപാലോവ് പറഞ്ഞു.
ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇതിനായി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ ജീവനക്കാര്‍ക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നവര്‍ നിര്‍ബന്ധമായും ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടി വന്നു.