മണിപ്പുരിലെ സംഘർഷ ബാധിതമായ ജിരിബാം ഉൾപ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ആർമ്ഡ് ഫോഴ്സ് (സ്പെഷ്യൽ പവർ) ആക്റ്റ് (സായുധ സേനാ പ്രത്യേകാധികാര നിയമം) പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വംശീയ കലാപം മൂലം മണിപ്പുരിൽ തുടരുന്ന അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരിൽ വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സായുധ സേനാ പ്രത്യേകാധികാര നിയമം (അസ്ഫ്പ) പ്രകാരം സുരക്ഷാ സേനയ്ക്ക് ആക്രമണം നടത്താനും പൌരൻമാരെ അറസ്റ്റ് ചെയ്യാനും മുൻകൂർ അനുമതിയുടെ ആവശ്യമില്ല. കൃത്യ നിർവഹണത്തിനിടയിൽ ആരെങ്കിലും കൊല്ലപ്പെട്ടാലും പ്രത്യക നിയമ നടപടി നേരിടേണ്ടിയും വരില്ല
മണിപ്പൂരിലെ ജിരിബാം ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെ അത്യാധുനിക ആയുധങ്ങളുമായെത്തിയ വിമതർ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ സേനയും വിമതരും തമ്മിൽ തിങ്കളാഴ്ചയുണ്ടായ എറ്റുമുട്ടലിൽ 11 വിമതർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ഒരു ദിവസത്തിന് ശേഷം സ്ത്രീകളും കുട്ടിികളുമടക്കം ആറു പേരെ ആക്രമണകാരികൾ തട്ടിക്കൊണ്ടു പോയിരുന്നു.
കഴിഞ്ഞ വർഷം മെയ് മുതൽ ആരംഭിച്ച മണിപ്പൂരിലെ മെയ്തി- കുക്കി വംശീയ കലാപത്തിൽ 200 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ കാലാപം ബാധിക്കാതിരുന്ന മണിപ്പൂരിലെ ജിരിബാമിൽ ഇക്കഴിഞ്ഞ ജൂണിൽ ഒരു കർഷകൻ്റെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ജിരിബാമിലും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു