ഡോണൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ ആത്മബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സിഎൻബിസി-ടിവി18 ഗ്ലോബൽ ലീഡർഷിപ്പ് സമ്മിറ്റ് 2024ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ട്രംപ് ഭരണകൂടത്തിനൊപ്പം ഇന്ത്യ നന്നായി പ്രവർത്തിക്കും. രാജ്യത്തെ ജനങ്ങളാണ് സർക്കാരുകളെ തിരഞ്ഞെടുക്കുന്നത്. ഞങ്ങൾ ഒബാമ ഭരണകൂടത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, ഞങ്ങൾ ബൈഡൻ ഭരണകൂടത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. യുഎസ്എയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്തത്’’- അദ്ദേഹം പറഞ്ഞു.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് എങ്ങനെയാണ് പ്രധാനമന്ത്രി മോദിയെ ‘അത്ഭുതകരമായ വ്യക്തി’ എന്നും ‘പ്രിയ സുഹൃത്ത്’ എന്നും വിശേഷിപ്പിക്കുന്നതിലൂടെ തന്നെ സാധ്യതകൾ അളക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദി ആഗോള നേതാക്കളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള വ്യവസായ സമൂഹത്തിന്റെയുംജനങ്ങളുടെയും വിശ്വാസവും ആദരവും നേടിയിട്ടുണ്ടെന്നും ഗോയൽ പറഞ്ഞു. ‘സത്യസന്ധമായാണ് പ്രധാനമന്ത്രി മോദി പ്രവർത്തിക്കുന്നത്. അദ്ദേഹം പറയുന്നത് ചെയ്യുന്നു. ലോകമെമ്പാടും സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനം സ്ഥാപിക്കാനും മികച്ച നയതന്ത്രത്തിനും വേണ്ടി അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹം. ഏറ്റവും വിശ്വസ്തനായ നേതാവുമാണ് അദ്ദേഹം,” ഗോയൽ പറഞ്ഞു.
അടുത്തിടെ നടന്ന യു എസ് തിരഞ്ഞെടുപ്പിൽ ട്രംപ് മികച്ച വിജയം നേടിയതിനെകുറിച്ച് സംസാരിക്കവെയാണ് പിയൂഷ് ഗോയൽ ഇക്കാര്യം പറഞ്ഞത്.
‘ഇവി കമ്പനികളെ സ്വാഗതം ചെയ്തതിൽ സന്തോഷം’: ഗോയൽ
ടെസ്ല സിഇഒ ഇലോൺ മസ്കിനെയും വിവേക് രാമസ്വാമിയെയും തന്റെ പുതിയ ‘ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ’ മേധാവികളാക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനത്തിൽ ഗോയൽ സന്തോഷം പ്രകടിപ്പിച്ചു. ട്രംപിന്റെ പുതിയ ശ്രമങ്ങളെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ച ഗോയൽ, പ്രധാനമന്ത്രി മോദി അധികാരമേറ്റതിനുശേഷം സർക്കാരിന്റെ കാര്യക്ഷമത എങ്ങനെ വർധിച്ചുവെന്നും എടുത്തുപറഞ്ഞു.
മസ്കിന് പുതിയ സ്ഥാനം ലഭിച്ചതോടെ ഇലക്ട്രോണിക് വെഹിക്കിൾ (ഇവി) കമ്പനികളെ ഇന്ത്യയിൽ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കാൻ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ഗോയൽ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് മസ്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും പിയൂഷ് ഗോയൽ സംസാരിച്ചു.