അര്‍ബുദചികിത്സയ്ക്കായി നാട്ടുകാര്‍ നല്കിയ പണം ഉപയോഗിച്ച് 29 കാരന് ആഡംബര ഫ്ളാറ്റ് വാങ്ങിയതായി റിപ്പോര്‍ട്ട്. ചൈനയിലാണ് സംഭവം നടന്നത്. ചികിത്സാധനസഹായമായി നാട്ടുകാരില്‍ നിന്ന് ലഭിച്ച 700,000 യുവാന്‍ (81.64 ലക്ഷം രൂപ) മുടക്കിയാണ് ലാന് എന്ന 29കാരന് ഫ്ളാറ്റ് സ്വന്തമാക്കിയത്.
ഹുബൈ പ്രവിശ്യയിലെ യിച്ചാംഗ് സ്വദേശിയാണ് ലാന്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ക്യാന്‍സര്‍ ചികിത്സയ്ക്കായി ധനസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപെയ്ന് ലാന് ആരംഭിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് താനൊരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് ലാന് പറഞ്ഞത്. ലാനിന്റെ ചികിത്സാധനസമാഹരണ പരസ്യം വിവിധയിടങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. നാന്‍ജിംഗ് സര്‍വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകളിലും ഈ വാര്‍ത്തയെത്തി. ലാനിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഈ പരസ്യത്തില്‍ നല്‍കിയിരുന്നു.
തന്റെ പിതാവിനെ ചികിത്സിക്കാന്‍ ഒരുപാട് പണം ചെലവായെന്നും എന്നാല്‍ ചികിത്സ നല്‍കിയിട്ടും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ലാന് പറഞ്ഞു. ഈ സാമ്പത്തികപരാധീനതകള്ക്കിടയിലാണ് തനിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ ചികിത്സയ്ക്കായി ഒരുകോടിയോളം രൂപ ചെലവ് വരുമെന്നും ലാന് പറഞ്ഞു. ഈ പണം കണ്ടെത്തുന്നതിനായാണ് ക്യാംപെയ്നുമായി രംഗത്തെത്തിയതെന്നും ലാന് പറയുന്നു.
ലാനിന്റെ പരസ്യം ചര്‍ച്ചയായതോടെ നിരവധി പേര് സഹായഹസ്തവുമായി എത്തി. ദിവസങ്ങള്‍ക്കുള്ളില്‍ 81 ലക്ഷത്തോളം രൂപയാണ് ലാനിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്. എന്നാല്‍ നവംബര്‍ 6ന് ലാന് തന്റെ പുതിയ ഫ്ളാറ്റിന്റെ ചിത്രങ്ങള്‍ ഒരു ഗ്രൂപ്പ് ചാറ്റില്‍ പോസ്റ്റ് ചെയ്തതാണ് ചിലരില്‍ സംശയമുണ്ടാക്കിയത്. 85 ലക്ഷം രൂപയാണ് ഫ്ളാറ്റിന്റെ വിലയെന്നും ലാന് പറഞ്ഞിരുന്നു.
ലാനിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ കുറച്ചുനാള്‍ മുമ്പ് നല്കിയ വിവാഹപരസ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ലക്ഷക്കണക്കിന് രൂപ വരുമാനവും നിരവധി കെട്ടിടങ്ങളും ഭൂമിയും സ്വന്തമായുള്ള ഒരു കുടുംബ പശ്ചാത്തലമാണ് തന്റേത് എന്നാണ് ലാന് വിവാഹപരസ്യത്തില്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ചികിത്സാധനസഹായത്തിനായി നല്കിയ പരസ്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബമാണ് തന്റേതെന്നും ആകെയുള്ള ഒരു കാര്‍ വിറ്റുവെന്നുമാണ് ലാന് പറഞ്ഞിരുന്നത്. സത്യാവസ്ഥ ബോധ്യമായതോടെ നവംബര്‍ 7ന് ലാനിന്റെ ധനസഹായം ആവശ്യപ്പെട്ടുള്ള പരസ്യം അധികൃതര്‍ പിന്‍വലിച്ചു. അതേസമയം ധനസഹായമായി ലഭിച്ച പണം ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് ലാന് പറയുന്നത്. തന്റെ സ്ഥിരനിക്ഷേപമുപയോഗിച്ചാണ് ഫ്ളാറ്റ് വാങ്ങിയതെന്നും ഇദ്ദേഹം പറഞ്ഞു.