ലണ്ടന്‍: യുകെയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ മഞ്ഞു വീഴ്ച തുടരുന്നു. ഇതേ തുടര്‍ന്ന് യുകെയുടെ താഴ്ന്ന പ്രദേശങ്ങളില്‍ 4 ഇഞ്ചിലേറെ കനത്തില്‍ മഞ്ഞടിഞ്ഞു കഴിഞ്ഞു. യുകെയിലെമ്പാടും രാത്രി സമയങ്ങളില്‍ താപനില മൈനസിലേക്ക് നീങ്ങുകയാണ്. മൈനസ് 2 മുതല്‍ 4 വരെയാണ് ശരാശരി താപനില.
അതേസമയം സ്‌കോട്?ലന്‍ഡിലെ ഹൈലാന്‍ഡില്‍ മൈനസ് 12 വരെയായി താപനില താഴ്ന്നു. രണ്ടുദിനമായി തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ റോഡുകളില്‍ പലയിടത്തും മഞ്ഞു കട്ടിയായി ഐസായി മാറിയിട്ടുണ്ട്. വാഹനങ്ങള്‍ ഐസില്‍ തെന്നി മറിയുന്നതിന് പുറമേ കാല്‍നട യാത്രക്കാരും ഐസില്‍ തെന്നിവീണ് പരുക്കേല്‍ക്കാതെ സൂക്ഷിക്കണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. യുകെയില്‍ ആദ്യമായി എത്തിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പില്‍ ഉണ്ട്.
സാധരണയായി ആദ്യമായെത്തുന്ന വിദ്യാര്‍ഥികളും പുതിയ നഴ്സുമാര്‍ അടക്കമുള്ളവരും ആദ്യ മഞ്ഞുപെയ്ത്ത് സമയത്ത് തെന്നിവീണ് കൈകാലുകള്‍ ഒടിയുന്ന പതിവുണ്ട്. അതിനാല്‍ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പ്രത്യേക സ്‌നോ ബൂട്‌സും മറ്റും ധരിച്ചുമാത്രം നടക്കാനിറങ്ങണമെന്നാണ് പരിചയ സമ്പന്നര്‍ നല്‍കുന്ന മുന്നറിയിപ്പ്.
മഞ്ഞുപെയ്ത്ത് മൂലം റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുവാനും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മണിക്കൂറുകളോളം വാഹനങ്ങളില്‍ കഴിയുകയോ അല്ലെങ്കില്‍ വാഹനം ഉപേക്ഷിച്ച് പോകുകയോ ചെയ്യേണ്ടി വരാറുണ്ട്. അതിനാല്‍ ദീര്‍ഘദൂര യാത്രക്കാരും ഡ്രൈവര്‍മാരും ചൂടുവെള്ളവും ചോക്ലേറ്റും ബിസ്‌കറ്റും പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും കയ്യില്‍ കരുതുവാനും യുകെഎച്ച്എസ്എ മുന്നറിയിപ്പ് നല്‍കുന്നു.