തിരുവനന്തപുരം: വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ എല്‍.ഡി.എഫ് പ്രതിഷേധത്തിന്. അടുത്തമാസം അഞ്ചാം തിയ്യതി സംസ്ഥാനമൊട്ടാകെ സമരം നടത്തും. അന്നേ ദിവസം തന്നെ രാജ്ഭവനില്‍ ധര്‍ണ്ണയും നടത്തും. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം.
വയനാട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം കടുപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. ഡിസംബര്‍ അഞ്ചിന് ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണ്ണകളും നടക്കുക. സംസ്ഥാന തലത്തിലുള്ള പ്രതിഷേധം രാജ്ഭവനില്‍ നടത്താനാണ് തീരുമാനം. ജനപ്രതിനിധികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പ്രതിഷേധം നടത്തും.
സംയുക്ത സമരത്തിന് താത്പര്യമില്ലെന്ന നിലപാട് യു.ഡി.എഫ് നേരത്തെ അറിയിച്ചതിനാല്‍ ഒറ്റക്ക് സമരം മുന്പോട്ട് കൊണ്ടുപോകാനാണ് എല്‍.ഡി.എഫ് യോഗത്തിലെ ധാരണ. വയനാട് മുണ്ടക്കൈ ദുരന്തമുണ്ടായി ഇത്രയും ദിവസം പിന്നിട്ടിട്ടും വയനാടിനെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് എല്‍.ഡി.എഫ് വിമര്‍ശനം.