കൊച്ചി: നടന്‍മാര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നത് തന്നെ വ്യാജപോക്‌സോ കേസില്‍ പെടുത്തിയതുകൊണ്ടാണെന്ന് ആലുവ സ്വദേശിയായ നടി. നടന്‍മാരായ മുകേഷ് എം.എല്‍.എ, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ഇടവേള ബാബു എന്നിവരടക്കം ഏഴുപേര്‍ക്കെതിരേയായിരുന്നു നടി പീഡന പരാതി നല്‍കിയത്. എന്നാല്‍, ഇതില്‍ കാര്യമായ അന്വേഷണം നടത്തുന്നതിന് പകരം, തന്നെ കുടുക്കുകയാണ് ചെയ്തതെന്നും നടി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
തന്റെ ബന്ധുകൂടിയാണ് തനിക്കെതിരേ പോക്‌സോ കേസ് പരാതി നല്‍കിയത്. എന്നാല്‍, താനവരെ സാമ്പത്തികമായി സഹായിക്കുക മാത്രമാണ് ചെയ്തത്. ഇതിന് പുറമെ ഒരിക്കല്‍ തന്റെ മുഖത്ത് ഒരാള്‍ ആസിഡ് ഒഴിക്കാന്‍ വരുന്നുവെന്ന് പറഞ്ഞ് ആ കുട്ടി തന്റെയടുത്ത് ഓടിവന്നപ്പോള്‍ ആ യുവാവിനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചത് ഞാനാണ്. അത്രമാത്രം അവരെ സംരക്ഷിക്കുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും നടി പറഞ്ഞു.