എ.ആർ. റഹ്മാനും സൈറാ ബാനുവും വേർപിരിയുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനായിരുന്നു ഇരുവരും ഫുൾ സ്റ്റോപ്പിട്ടത്. ഇരുവർക്കും മൂന്നു കുട്ടികളുണ്ട്.
വേർപിരിയൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ പല കോണിൽ നിന്നും പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അഭ്യൂഹങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എ.ആർ. റഹ്മാന്റെ മകൾ റഹീമ റഹ്മാൻ. അഭ്യൂഹങ്ങൾ പരത്തുന്നത് വിഡ്ഢികളാണെന്നും അത്തരക്കാരോട് പറയാനുള്ളത് പോയി ജീവിക്കൂ എന്നും റഹീമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
‘എപ്പോഴും ഓർക്കും, അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ശത്രുക്കളാണ്, അത് പരത്തുന്നത് വിഡ്ഢികളും. അല്പന്മാർ അത് സ്വീകരിക്കുകയും ചെയ്യും. സത്യസന്ധമായി പറഞ്ഞാൽ, പോയി ജീവിക്കൂ…’ റഹീമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, എ.ആർ. റഹ്മാന് ഹോളിവുഡ് മ്യൂസിക് മീഡിയ അവാർഡ് ലഭിച്ചതിന്റെ വാർത്തയും പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങൾ എപ്പോഴും ഞങ്ങളുടെ രാജാവാണ്, ഞങ്ങളുടെ നേതാവും’ എന്ന് കുറിക്കുകയും ചെയ്തു.